ഇടുക്കി: അടിമാലി രാജധാനി ടൂറിസ്റ്റ് ഹോം കൂട്ടക്കൊല കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് തൊടുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് അന്റ് സെഷന്‍സ് കോടതി. ശിക്ഷയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും. 2015 ഫെബ്രുവരി 12 ന് രാത്രിയാണ് അടിമാലി ടൗണിലെ രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനായ മന്നാംകാല പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ അമ്മ നാച്ചി എന്നിവര്‍ കൊല്ലപ്പെട്ടത്. 

ലോഡ്ജിന്റെ മൂന്നാം നിലയിലുള്ള 302-ാം മുറിയില്‍ വായ് മൂടി, കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം. ഐഷയുടെയും നാച്ചിയുടെയും മൃതദേഹം ലോഡ്ജിന്റെ ഒന്നാം നിലയില്‍ കിടപ്പുമുറിയായി ഉപയോഗിക്കുന്ന ഹാളില്‍ രണ്ടിടത്തായാണ് കിടന്നത്. 

കര്‍ണ്ണാടക സ്വദേശികളായ രാഘവേന്ദ്ര, മധു എന്ന രാജേഷ് ഗൗഡ, മഞ്ജുനാഥ് എന്നിവരാണ് കേസിലെ പ്രതികള്‍. മൂവരെയും കൊലപ്പെടുത്തിയ ശേഷം 19.5 പവന്‍ സ്വര്‍ണം 50,000 രൂപയും റാഡോവാച്ചും കവര്‍ന്നിരുന്നു. 56 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 77 രേഖകള്‍ പരിശോധിച്ചു. കുറ്റവാളികള്‍ക്കുള്ള ശിക്ഷ അടുത്തയാഴ്ച വിധിച്ചേക്കും.