ചെന്നൈ: ഡി.എം.കെ അദ്ധ്യക്ഷന്‍ കരുണാനിധിയുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തി. വൈകുന്നേരം എട്ട് മണിയ്‌ക്ക് ഗോപാലപുരത്തെ കരുണാനിധിയുടെ വീട്ടിലെത്തിയ രജനീകാന്തിനെ ഡി.എം.കെ പ്രവര്‍ത്തനാദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ സ്വീകരിച്ചു. ഏതാണ്ട് ഇരുപത് മിനിറ്റ് നീണ്ടു നിന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷം പുറത്തു വന്ന രജനീകാന്ത് കരുണാനിധിയ്‌ക്ക് നവവത്സരാശംസകള്‍ നേര്‍ന്നുവെന്ന് പറഞ്ഞു.
തന്റെ രാഷ്‌ട്രീയ പ്രവേശത്തെക്കുറിച്ച് കരുണാനിധിയെ അറിയിച്ചുവെന്നും ആശീര്‍വാദം വാങ്ങിയെന്നും രജനി വ്യക്തമാക്കി. ആത്മീയ രാഷ്‌ട്രീയം കൊണ്ടുവരുമെന്ന പ്രഖ്യാപനത്തോടെ രംഗത്തെത്തിയ രജനിയെ എതിര്‍ത്ത് ഒട്ടേറെ ചെറു ദ്രാവിഡ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഹിന്ദുത്വ രാഷ്‌ട്രീയത്തോട് ചായ്‍വുണ്ടെന്ന ആരോപണത്തെ മറികടക്കാന്‍ കൂടിയാണ് രജനീകാന്തിന്റെ ഈ നീക്കമെന്ന് വിലയിരുത്തലുണ്ട്. ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ അമരക്കാരിലൊരാളായ കരുണാനിധിയെ കാണാനെത്തുന്നത് നിഷ്‍പക്ഷമുഖം നല്‍കുമെന്ന് രജനി ക്യാമ്പ് കണക്കുകൂട്ടുന്നു.
