ജോഥ്പൂര്‍: ആര്‍ക്കെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മതം മാറണമെങ്കില്‍ അക്കാര്യം ഒരു മാസം മുമ്പ് ജില്ലാ കലക്ടറെ അറിയിക്കണമെന്ന് ജോഥ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്വന്തം താല്‍പ്പര്യമില്ലാതെ നിര്‍ബന്ധപൂര്‍വ്വം ആരെയെങ്കിലും മതംമാറ്റാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റീസ് ജി.കെ വ്യാസ് ഉത്തരവിട്ടു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കുന്നത്.

ഏതെങ്കിലും മത സംഘടന മതപരിവര്‍ത്തനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കണം. നേരത്തെ സംസ്ഥാനത്തെ മതപരിവര്‍ത്തനം സംബന്ധിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. മതപരിവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത് വരെ ഇക്കാര്യത്തില്‍ കോടതിയുടെ ഭാഗത്തുനിന്ന് ഒരു മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നായിരുന്നു അമിക്കസ് ക്യൂറി കോടതിയോട് ശിപാര്‍ശ ചെയ്തത്. മുസ്ലിമായി മാറിയ തന്റെ സഹോദരിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ചിരാംഗ് സിങ്‍വി എന്നയാള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് റിട്ടിലായിരുന്നു നടപടി. മതംമാറിയ ശേഷം തന്റെ സഹോദരി പായല്‍ സിങ്‌വി എന്ന പേര് മാറ്റി ആരിഫ മോഡിയെന്ന പുതിയ പേര് സ്വീകരിച്ചെന്നും ഒരു മുസ്ലിം യുവാവിനെ വിവാഹം കഴിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഇവരുടെ വിവാഹം റദ്ദാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും മറ്റ് കക്ഷികളുടെയും നിലപാട് അറിയുന്നതിനായി കോടതി കേസ് മാറ്റിവെച്ചു.