ജയ്പ്പൂര്‍; രാജസ്ഥാനിലും കൂട്ട ശിശു മരണം. കഴിഞ്ഞ 51 ദിവസത്തിനുള്ളില്‍ 81 നവജാത ശിശുക്കളാണ് മരിച്ചത്. ബന്‍സ് വാരയിലെ സര്‍ക്കാര്‍ മഹാത്മാ ഗാന്ധി ആശുപത്രിയിലാണ് കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരണപ്പെട്ടത്. പോഷകാഹാര കുറവ് മൂലമാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ആദിവാസി വിഭാഗത്തില്‍ പെടുന്ന 20 ലക്ഷമാളുകള്‍ക്കായി ആകെ ഒരു ആശുപത്രി മാത്രമാണ് ഇവിടെയുള്ളത്. സംഭവം പുറത്ത് വന്നതിന് പിന്നാലെ മൂന്നംഗ കമ്മിറ്റിയെ കുട്ടികളുടെ മരണം അന്വേഷിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നു. ജൂലൈ ആഗസ്റ്റ് മാസത്തില്‍ 86 കുഞ്ഞുങ്ങള്‍ മരിച്ചതായി ബന്‍സ് വാര ചീഫ് മെഡിക്കല്‍ ആന്‍റ് ഹെല്‍ത്ത് ഓഫീസര്‍ ഇന്നലെ അറിയിച്ചിരുന്നു. 

പോഷകാഹാര കുറവിന് പുറമേ, ന്യുമോണിയ, തൂക്കക്കുറവ്, അണുബാധ എന്നിവയാണ് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. ഉത്തര്‍പ്രദേശ് ബിആര്‍ഡി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടമരണം നടന്നതായുള്ള വാര്‍ത്ത വന്നതിന് പിന്നാലെയാണ് രാജസ്ഥാനിലെ കണക്കുകള്‍ വ്യക്തമാകുന്നത്.