വീരമൃത്യു വരിച്ച പിതാവിന്‍റെ  ശവമഞ്ചത്തില്‍ അന്തിമാഭിവാദ്യമര്‍പ്പിക്കുന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്‍റെ ദൃശ്യം സൈബര്‍ ലോകത്ത് കണ്ണീര്‍ കാഴ്ചയാകുന്നു

ജയ്പുര്‍ : വീരമൃത്യു വരിച്ച പിതാവിന്‍റെ ശവമഞ്ചത്തില്‍ അന്തിമാഭിവാദ്യമര്‍പ്പിക്കുന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്‍റെ ദൃശ്യം സൈബര്‍ ലോകത്ത് കണ്ണീര്‍ കാഴ്ചയാകുന്നു. കുപ്വാരയില്‍ ഭീകരരുമായി ജൂലൈ 11ന് നടന്ന ഏറ്റുമുട്ടലിലാണ് ഇരുപത്തഞ്ചുകാരനായ മുകുത് ബിഹാരി മീണ വീരമൃത്യു വരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്കായി ശനിയാഴ്ച വീട്ടിലെത്തിച്ചപ്പോഴാണ് മുകുതിന്റെ അഞ്ചുമാസം പ്രായമുള്ള മകള്‍ ആരു അച്ഛന് അന്ത്യാഭിവാദ്യമര്‍പ്പിച്ചത്. ർ

ശവമഞ്ചത്തിനു മേലിരുന്ന് അതില്‍ കിടക്കുന്ന അച്ഛനെ നോക്കുന്ന ആരുവിന്റെ ദൃശ്യമാണ് വേദനയായത്. ശനിയാഴ്ചയാണ് ഖാന്‍പുരില്‍ മുകുത് ബിഹാരി മീണയുടെ സംസ്‌കാരം നടന്നത്. പൂര്‍ണ സൈനിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. പൊതുപ്രവര്‍ത്തകരും സൈനികോദ്യോഗസ്ഥരും അടക്കം വലിയ ജനാവലിയാണ് അദ്ദേഹത്തിന് അന്തിമാഭിവാദ്യമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നത്.

അച്ഛന്‍റെ ചിതയ്ക്ക് കൊള്ളിവയ്ക്കാനും തന്റെ മുത്തച്ഛന്റെ കൈകളിലേറി ആരു എന്ന പിഞ്ചോമനയുണ്ടായിരുന്നു. ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ജലാവര്‍ ജില്ലാ കളക്ടര്‍ ജിതേന്ദ്ര സോണി ആരുവിനായെഴുതിയ കത്തും വളരെ വൈകാരികമായിരുന്നു.

 'അച്ഛന്റെ ശവമഞ്ചത്തിനുമേല്‍ അച്ഛന്‍റെ മുഖത്തേക്കു നോക്കി കരയാതിരിക്കുകയാണ് നീ. നിന്റെ നിഷ്‌കളങ്കത ഏറെ വികാരങ്ങളാണ് ഉയര്‍ത്തുന്നത്. ഈ രാജ്യത്തെ എല്ലാ ജനങ്ങളുടെയും അനുഗ്രഹം നിനക്കൊപ്പമുണ്ട്. നിന്‍റെ അച്ഛന്‍റെ മഹത്തായ രക്തസാക്ഷിത്വത്തില്‍ അഭിമാനമുള്ളവളായി നീ വളരുക' കളക്ടര്‍ ഈ ചിത്രത്തോടൊപ്പം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.