നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഗവർണറെ കണ്ട് ബിജെപി നേതാക്കൾ. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയ ബിജെപി നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. 30 കൊല്ലത്തെ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ക്രിമിനൽ ഗൂഢാലോചന കേന്ദ്ര ഏജൻസി അന്വേഷിക്കണം. ശബരിമല വിഷയത്തെ സംബന്ധിച്ച് ഗവർണറെ ബോധ്യപ്പെടുത്തി. വീഴ്ച്ച വീഴ്ച എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് വീഴ്ച അല്ല കൊള്ളയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി. വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നം ആണെന്നും അദ്ദേഹം പറഞ്ഞു.
പോറ്റി നടത്തിയ ചെറിയ തട്ടിപ്പ് ആയി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രി പറയുന്ന അന്വേഷണത്തിൽ വിശ്വാസമില്ല. എസ്ഐടിയിൽ ഉള്ളത് ആരാണ് എന്ന് അറിയില്ല. കേരള പൊലീസെങ്കിൽ എങ്ങനെ വിശ്വസിക്കും? 30 കൊല്ലത്തെ കാര്യങ്ങൾ അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ മകന്റെ ഇഡി സമൻസിൽ ഒത്തുകളി എന്ന കോൺഗ്രസ് ആരോപണത്തിൽ കോൺഗ്രസ് എപ്പോഴാണ് സത്യം പറയുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ മകന്റെ കേസിൽ ബിജെപി- സിപിഎം ഡീൽ ആണോ എന്ന് ചോദ്യത്തിന് സ്വാമിയേ ശരണമയ്യപ്പ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉത്തരം.
കോട്ടയത്ത് ബിജെപി പ്രവർത്തകർക്ക് നേരെ നടന്ന അതിക്രമത്തിൽ, കോട്ടയത്ത് നടന്നത് സമാധാനപരമായ പ്രതിഷേധമായിരുന്നുവെന്നും ബിജെപി പ്രവർത്തകരെ സിപിഎമ്മും എസ്എഫ്ഐ പ്രവർത്തകരും ക്രൂരമായി മർദ്ദിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. അതിൽ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



