രാജ്യസഭയിലെ ബിജെപി അംഗസംഖ്യ 69 ആയി ഉയർന്നു യുപിയിൽ എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി ഒന്‍പത് രാജ്യസഭാ സീറ്റുകൾ ബിജെപിക്ക്
ബെംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പില് കർണാടകത്തിൽ നിന്നും ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് രാജീവ് ചന്ദ്രശേഖര് രാജ്യസഭ എംപിയാകുന്നത്. ജയിക്കാൻ 44 വോട്ടുകളാണ് ആവശ്യമായിരുന്നതെങ്കിൽ 50 വോട്ടുകൾ രാജീവ് ചന്ദ്രശേഖറിനു ലഭിച്ചു. കർണാടകത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും ജയിച്ചു. ജി.സി ചന്ദ്രശേഖർ, നസീർ ഹുസൈൻ, എൽ ഹനുമന്തയ്യ എന്നിവർ കോണ്ഗ്രസ് ടിക്കറ്റില് രാജ്യസഭയിലേക്കെത്തും.

ഉത്തർപ്രദേശിൽ ബിഎസ്പിയെ പരാജയപ്പെടുത്തി പത്ത് രാജ്യസഭാ സീറ്റിൽ ഒമ്പതും ബിജെപി നേടി. രണ്ടു പക്ഷത്തും കൂറുമാറ്റം കണ്ട വോട്ടെടുപ്പിൽ സെക്കൻഡ് പ്രിഫറൻസ് വോട്ടിലാണ് ബിജെപി വിജയിച്ചത്. രാജ്യസഭയിലെ ബിജെപി അംഗസംഖ്യ 69 ആയി ഉയർന്നു. നിലവിൽ 402 അംഗങ്ങളുള്ള ഉത്തർപ്രദേശ് നിയമസഭയിൽ 400 പോരാണ് വോട്ട് രേഖപ്പെടുത്തിയത്. 324 അംഗങ്ങളുള്ള ബിജെപിക്ക് എട്ടു പേരെ അനായാസം വിജയിപ്പിക്കാനുള്ള അംഗബലം ഉണ്ടായിരുന്നു. ഒപ്പം സമാജ്വാദി പാർട്ടിക്കും അവരുടെ സ്ഥാനാർത്ഥിയായ ജയാ ബച്ചനെ വിജയിപ്പിക്കാനായി.
പത്താമത്തെ സീറ്റിനായി നടന്ന പോരാട്ടത്തിൽ കണക്കിലെ കളിയിലൂടെ ബിജെപി വിജയം കൊയ്തു. 37 എംഎൽഎമാരുടെ പിന്തുണയാണ് മായാവതിയുടെ സ്ഥാനാർത്ഥിയായ ഭീംറാവും അംബേദിക്കർക്ക് വേണ്ടിയിരുന്നത്. തൻറെ ഒപ്പമുള്ള 19 പേർക്ക് പുറമെ സമാജ് വാദി പാർട്ടിക്ക് ബാക്കിയുള്ള പത്ത് എംഎൽഎമാരും കോൺഗ്രസിൻറെ ഏഴുപേരും ആർഎൽഡിയുടെ ഒരാളും പിന്തുണച്ചാൽ വിജയിക്കാം എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ജയിലിലുള്ള എസ്പിയുടെയും ബിഎസ്പിയുടെയും ഓരോ എംഎൽഎമാർ വോട്ടു ചെയ്യാൻ എത്തിയില്ല.
ഒപ്പം എസ്പിയുടെ നിതിൻ അഗർവാളും ബിഎസ്പിയുടെ അനിൽ സിംഗും കൂറുമാറിയതോടെ വോട്ട് 33 ആയി കുറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷിയായ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി എസ്ബിഎസ്പിയുടെ രണ്ടു പേർ കൂറുമാറിയെങ്കിലും ഫലമുണ്ടായില്ല. നിശ്ചിത ആദ്യ വോട്ട് കിട്ടാതായപ്പോൾ സെക്കൻഡ് പ്രിഫറൻസ് വോട്ട് കണക്കുകൂട്ടി. 300 എംഎൽഎമാരെക്കൊണ് ഒമ്പതാമത്തെ സ്ഥാനാർത്ഥി അനിൽ അഗർവാളിന് രണ്ടാം വോട്ട് ചെയ്യിച്ച ബിജെപി തന്ത്രം വിജയം കണ്ടു. ജാർഖണ്ടിൽ ബിജെപിയെ ചെറുത്ത് നിന്ന് രണ്ടുസീറ്റുകളിൽ ഒരിടത്ത് കോൺഗ്രസ് വിജയിച്ചു. പശ്ചിമബംഗാളിൽ നാല് സീറ്റ് തൃണമൂലിനും ഒരെണ്ണം കോൺഗ്രസിനും കിട്ടിയപ്പോൾ സിപിഎം തോറ്റു.
