ദില്ലി: തനിക്കെതിരെയും തന്‍റെ സ്ഥാപനങ്ങൾക്കെതിരെയും ആസൂത്രിതമായ ആക്രമണം നടത്തുകയാണ് സിപിഎമ്മെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി. മുഖ്യമന്ത്രി പിണറായി വിജയൻ അക്രമരാഷ്ട്രീയം വളർത്തുകയാണ്. തോമസ് ചാണ്ടിയുടെ രാജിക്കുള്ള പ്രതികാരമാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു.

അക്രമരാഷ്ട്രീയമാണ് കേരളത്തിലെ സര്‍ക്കാരിന്‍റെ മുഖമുദ്ര. താനും തന്‍റെ മാധ്യമ സ്ഥാപനങ്ങളും അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. തന്നെ വ്യക്തിപരമായും തന്‍റെ എല്ലാ ബിസിനസുകളെയും ആക്രമിക്കുകയാണ് ഇടതുപക്ഷം. ഡിവൈഎഫ്ഐ കാണിക്കുന്നത് ഗുണ്ടായിസമാണ്. ഇടതുപക്ഷം തൊഴിലില്ലായ്മയെയും ദാരിദ്രത്തെയും പ്രോത്സാഹിപ്പിക്കുന്നു. ചെറുപ്പക്കാര്‍ തൊഴിലില്ലാതെ ആകുമ്പോള്‍ ഇത്തരത്തിലുള്ള ആക്രമണങ്ങളിലേക്ക് തിരിയും. രാഷ്ട്രീയ അവസരവാദത്തിന് വേണ്ടി ചെറുപ്പക്കാരുടെ ആഗ്രഹങ്ങളെ ഇല്ലായ്മ ചെയ്യരുതെന്നും പിണറായി വിജയനോട് അദ്ദേഹം ആവശ്യപ്പെട്ടു.

ആക്രമണത്തിന് ശേഷം കുമരകത്തെ ബിസിനസ് തടഞ്ഞുകൊണ്ടുള്ള നോട്ടീസ് പഞ്ചായത്ത് നല്‍കിയിരുന്നു. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് ഇത്തരത്തിലുള്ള ഒരു നോട്ടീസ് പുറത്തിറക്കുന്നത് ഒരു തമാശമാത്രമാണ്. ഇതിനെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകും. ഇടതുപക്ഷത്തുള്ള പലരും തന്‍റെ രാജി ആവശ്യപ്പെടുന്നുണ്ട്. കേരളത്തെ രാഷ്ട്രീയ അക്രമങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും കുമരകത്ത് നാശനഷ്ടമുണ്ടാക്കിയവരെ ജയിലിലടക്കുകയും ചെയ്തിട്ട് താന്‍ രാജിവെക്കാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.