തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസ് പ്രതി സി.പി. ഉദയഭാനുവിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. . ഗൂഢാലോചനയില്‍ ഉദയഭാനു പങ്കെടുത്തതിന് തെളിവുണ്ടെന്ന് റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിമാന്‍റ് ചെയ്ത ഉദയഭാനുവിനെ ഇരിങ്ങാലക്കുട സബ്ജയിലിലേക്ക് മാറ്റും. വെളളിയാഴ്ച കസ്റ്റഡി അപേക്ഷ പൊലീസ് കോടതിയില്‍ നല്‍കും. ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉദയഭാനുവിനെ റിമാന്‍റ് ചെയ്തത്.
അതേസമയം രാജീവിന്‍റെ കൊലപാതകം ആദ്യ മൂന്നു പ്രതികൾക്ക് പറ്റിയ കൈയബദ്ധമാണെന്ന് സി.പി ഉദയഭാനു പൊലീസിന് മൊഴി നല്‍കി. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പ്രതിയായ ജോണി തന്‍റെ കക്ഷിയാണെന്നും ജോണിക്ക് നിയമോപദേശം നൽകുക മാത്രമാണ് ചെയ്തതെന്നും ഉദയഭാനു പൊലീസിനോട് പറഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്‍തത്. കൊലപാതക കേസില്‍ ഉദയഭാനുവിന്‍റെ അറസ്റ്റ് അനിവാര്യമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാമെന്ന ഉദയഭാനുവിന്‍റെ വാദം കോടതി തള്ളിയിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. ഉദയഭാനുവിനും രാജീവിനും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്നും ഇവര്‍ തമ്മില്‍ അവസാന ഘട്ടത്തില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.
