ചെന്നൈ: രാഷ്ട്രീയപ്രവേശന സാധ്യത വീണ്ടും മുന്നോട്ടുവെച്ച് രജനീകാന്ത്. സമയം വരുമ്പോൾ തയ്യാറായിരിക്കണമെന്ന് രജനീകാന്ത് ആരാധകരോട് പറഞ്ഞു. അത് ദൈവം തീരുമാനിക്കും. അതുവരെ കടമകൾ തുടർന്ന് ചെയ്യണം. തനിക്കും പല കടമകൾ പൂർത്തീകരിയ്ക്കാനുണ്ട്. താൻ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് പറഞ്ഞത് ഇത്ര വലിയ വിവാദമാകുമെന്ന് കരുതിയില്ല. സാമൂഹ്യമാധ്യമങ്ങളിൽ വന്ന ചില പരാമർശങ്ങൾ വേദനയുണ്ടാക്കി. എന്നാൽ എതിർപ്പില്ലാതെ വളരാനാകില്ല. രാഷ്ട്രീയത്തിൽ എതിർപ്പാണ് മൂലധനം. എന്നും തമിഴർക്കൊപ്പമാണ് താന്‍. 23 വയസ്സുവരെ കർണാടകത്തിൽ ജീവിച്ച താൻ 44 വർഷക്കാലം തമിഴ്നാട്ടുകാരനായാണ് കഴിഞ്ഞത്. താൻ പച്ചത്തമിഴനാണ്. തമിഴ്നാട്ടിൽ നിന്ന് തനിക്ക് പോകാന്‍ ഇനി ഹിമാലയം മാത്രമെന്നും രജനി പറഞ്ഞു.

നേതാക്കൾ നന്നായിട്ട് കാര്യമില്ല, രാഷ്ട്രീയം അധ:പതിച്ചെന്നു പറഞ്ഞ രജനി സ്റ്റാലിനുൾപ്പടെയുള്ള നേതാക്കളെ പേരെടുത്ത് അഭിനന്ദിച്ചു. രാഷ്ട്രീയത്തിൽ സമൂലമാറ്റം വേണമെന്നും അതിന് എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും രജനികാന്ത് ആവശ്യപ്പെട്ടു.