ചെന്നൈ: ചെന്നൈയില്‍ ശിവാജി ഗണേശന്റെ പ്രതിമയുടെയും സ്മാരകത്തിന്റെയും അനാച്ഛാദനച്ചടങ്ങില്‍ നടന്‍ കമല്‍ഹാസനെതിരെ ഒളിയമ്പുകളെയ്ത് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. രാഷ്‌ട്രീയത്തില്‍ വിജയിക്കാന്‍ സിനിമാക്കാരനെന്ന പ്രശസ്തി മാത്രം മതിയാകില്ലെന്ന് രജനീകാന്ത് പറഞ്ഞു.രാഷ്‌ട്രീയത്തില്‍ വിജയിക്കാന്‍ സിനിമാക്കാരനെന്ന പ്രശസ്തി മാത്രം മതിയാകില്ല. അതിന് വേറെ ചില കഴിവുകള്‍ വേണം. അത് എന്താണെന്ന് ജനങ്ങള്‍ക്ക് മാത്രമേ അറിയൂ.

തനിയ്‌ക്ക് ആ കഴിവുകളെന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ല. കമല്‍ഹാസന് അക്കാര്യം മനസ്സിലായെന്നാണ് തോന്നുന്നത്. ഇനിയിപ്പോള്‍ ജനങ്ങളുടെ മനസ്സിലിരിപ്പറിയാനുള്ള രഹസ്യം താന്‍ ചോദിച്ചാലും കമല്‍ഹാസന്‍ പറഞ്ഞുതരില്ലല്ലോ എന്ന് രജനി പറഞ്ഞത് സദസ്സിലും വേദിയിലും ചിരിയുണര്‍ത്തി. വേദിയിലിരുന്ന ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ പുകഴ്ത്താനും രജനീകാന്ത് മറന്നില്ല.

രാഷ്‌ട്രീയപരാമര്‍ശങ്ങളൊന്നും നടത്തിയില്ലെങ്കിലും താന്‍ പങ്കെടുക്കുന്നതിനെത്തുടര്‍ന്ന് ചടങ്ങില്‍ നിന്ന് പിന്‍മാറിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോടുള്ള അമര്‍ഷം കമല്‍ഹാസന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. ആരെതിര്‍ത്താലും താനീ ചടങ്ങില്‍ പങ്കെടുത്തേനേ എന്നും തന്നെ തടയാന്‍ ആര്‍ക്കുമാകില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. വേദിയിലിരിക്കുന്ന ഭരണകക്ഷി നേതാക്കളെയോ മന്ത്രിമാരെയോ കമല്‍ അഭിസംബോധന ചെയ്തുമില്ല.

രാഷ്‌ട്രീയ വിവാദങ്ങളുടെ നടുക്കായിരുന്നു എന്നും ശിവാജി ഗണേശന്റെ പ്രതിമ. കഴിഞ്ഞ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ച പ്രതിമ ഗതാഗത തടസ്സമുണ്ടാക്കുന്നതിനാല്‍ മദ്രാസ് ഹൈക്കോടതി എടുത്തുമാറ്റാന്‍ ഉത്തരവിട്ടത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്നത്തെ മുഖ്യമന്ത്രി ജയലളിത ശിവാജി ഗണേശന് 2.84 കോടി രൂപ ചെലവില്‍ സ്മാരകം പണിയുമെന്ന് പ്രഖ്യാപിച്ചത്.