രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പരാതികൾ കോൺഗ്രസിന് മുൻപ് തന്നെ അറിയാവുന്ന കാര്യമാണെന്ന് രാജീവ് ചന്ദ്രശേഖർ. തെരഞ്ഞെടുപ്പ് വന്നപ്പോൾ ശ്രദ്ധ തിരിക്കാനായി സിപിഎമ്മും കോൺഗ്രസും ഓരോന്ന് ചെയ്ത് കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പരാതികൾ കോൺഗ്രസിന് മുൻപ് തന്നെ അറിയാവുന്ന കാര്യമാണെന്നും ഇതുവരെ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയായിരുന്നെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തെരഞ്ഞെടുപ്പ് വന്നപ്പോൾ ശ്രദ്ധ തിരിക്കാനായി സിപിഎമ്മും കോൺഗ്രസും ഓരോന്ന് ചെയ്ത് കൂട്ടുകയാണ്. ഇത് ആദ്യത്തേതോ അവസാനത്തെയോ സംഭവമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
ബാലാത്സംഗ കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോൺഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ആണ് അറിയിച്ചത്. നിലവിൽ രാഹുൽ സസ്പെൻഷനിലാണ്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ നീക്കം.



