ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട പേരറിവാളന്റെ പരോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഒരു മാസം കൂടി നീട്ടി. അമ്മ അര്‍പുതമ്മാള്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. നീട്ടിക്കിട്ടിയ ഒരു മാസത്തിനുള്ളില്‍ പേരറിവാളന്റെ മോചനത്തിനുള്ള നീക്കങ്ങള്‍ സജീവമാക്കാനുള്ള ശ്രമത്തിലാണ് അമ്മ അര്‍പുതമ്മാളും പേരറിവാളന്റെ സുഹൃത്തുക്കളും.

26 വര്‍ഷത്തിന് ശേഷം ആദ്യമായാണ് കഴിഞ്ഞ മാസം 24 ന് പേരറിവാളന്‍ ജയിലിന് പുറത്തിറങ്ങുന്നത്. രാജീവ്ഗാന്ധിയെ വധിച്ച സംഘത്തിന് രണ്ട് ബാറ്ററികള്‍ വാങ്ങിനല്‍കിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തപ്പെട്ട കുറ്റം. എന്നാല്‍ പേരറിവാളന്റെ കുറ്റസമ്മതമൊഴി തെറ്റായാണ് രേഖപ്പെടുത്തപ്പെട്ടതെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ തന്നെ വെളിപ്പെടുത്തല്‍ വന്നതോടെ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട പേരറിവാളനുള്‍പ്പടെയുള്ളവരുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാന്‍ സുപ്രീംകോടതി തയ്യാറായി. 

നളിനിയെയും പേരറിവാളനെയും ഉള്‍പ്പടെ മോചിപ്പിയ്ക്കാന്‍ ജയലളിത തീരുമാനിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ അതിനെ ശക്തമായി എതിര്‍ത്തു. പിന്നീട് വര്‍ഷങ്ങളോളം കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് മുന്നില്‍ അപേക്ഷയുമായി അര്‍പുതമ്മാള്‍ കയറിയിറങ്ങിയതിന്റെ ഫലമായാണ് ഒരു മാസത്തെ പരോള്‍ അനുവദിയ്ക്കപ്പെട്ടത്.  

രാജീവ്ഗാന്ധി വധക്കേസ് അന്വേഷണത്തിലെ പിഴവുകള്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള പേരറിവാളന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ ഒരു പക്ഷേ പേരറിവാളനുള്‍പ്പടെയുള്ളവരുടെ മോചനം സാധ്യമായേക്കുമെന്ന പ്രതീക്ഷയിലാണ് അമ്മ അര്‍പുതമ്മാളും പേരറിവാളനെ പിന്തുണയ്ക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകരും.