ആര്‍എസ്എസ് ആസ്ഥാനത്ത് പോയി അവരുടെ സ്ഥാപക നേതാവ് ഹെഗ്ഡേവാര്‍ രാജ്യസ്നേഹിയാണെന്ന് എഴുതി ഒപ്പിട്ടു കൊടുത്തല്ലോ അതിനു പ്രത്യുപകാരമായാവാം ഇപ്പോള്‍ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്ന നല്‍കിയത്. 

തിരുവനന്തപുരം: മുന്‍രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്ന നല്‍കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. നിഷ്പക്ഷമായല്ല ഇക്കുറി പത്മ-ഭാരതരത്ന പുരസ്കാരങ്ങള്‍ നല്‍കിയതെന്ന് ഉണ്ണിത്താന്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞു. നാഗ്പൂരില്‍ പോയി ആര്‍എസ്എസ് സ്ഥാപകന്‍ രാജ്യസ്നേഹിയാണെന്ന് എഴുതി കൊടുത്തത് കൊണ്ട് മാത്രമാണ് പ്രണബ് മുഖര്‍ജിക്ക് ഭാരതരത്ന നല്‍കിയതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. 

സെന്‍കുമാര്‍- നന്പി നാരായണന്‍ വിവാദമാണ് ഇന്നത്തെ ന്യൂസ് അവര്‍ ചര്‍ച്ച ചെയ്തത്. ചര്‍ച്ചയില്‍ സെന്‍കുമാറിനെതിരെയും രൂക്ഷമായ ഭാഷയിലാണ് ഉണ്ണിത്താന്‍ വിമര്‍ശനങ്ങള്‍ നടത്തിയത്. രാജ്യത്തെ പരമോന്നത ബഹുമതികള്‍ ബലാത്സംഗ കേസ് പ്രതികളായ ഗോവിന്ദചാമിക്കും അമറുല്‍ ഇസ്ലാമിനുമെല്ലാം നല്‍കണം എന്ന് പറഞ്ഞ സെന്‍കുമാര്‍ മൃഗങ്ങളേക്കാളും അധപതിച്ചു പോയെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. 

ന്യൂസ് അവറില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്.... 

നിഷ്പക്ഷമായല്ല പത്മപുരസ്കാരം കൊടുത്തത് എന്നത് കൊണ്ടാണ് സെന്‍കുമാര്‍ നന്പി നാരായണനെ വിമര്‍ശിക്കുന്നതില്‍ അദ്ദേഹം ആദ്യം തള്ളിപ്പറയേണ്ടത് ഈ പ്രാവശ്യത്തെ ഭാരതരത്ന പുരസ്കാര ജേതാക്കളെയാണ്. പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്ന കൊടുത്തതില്‍ എനിക്ക് ശക്തമായ എതിര്‍പ്പുണ്ട്. ഭൂപന്‍ ഹാന്‍സാരിക വലിയ കലാകാരനാവും എന്നാല്‍ അദ്ദേഹവും ആര്‍എസ്എസുകാരനാണ്. അതേപോലെ നാനാജി ദേശ്മുഖ് അദ്ദേഹത്തിനും ഭാരതരത്ന കൊടുത്തു. എന്ത് യോഗ്യതയാണ് അദ്ദേഹത്തിനുള്ളത്. പണ്ട് ജനതാസര്‍ക്കാര്‍ ഉണ്ടാക്കാന്‍ സഹായിച്ചു അതാവാം. 

ആര്‍എസ്എസ് ആസ്ഥാനത്ത് പോയി അവരുടെ സ്ഥാപക നേതാവ് ഹെഗ്ഡേവാര്‍ രാജ്യസ്നേഹിയാണെന്ന് എഴുതി ഒപ്പിട്ടു കൊടുത്തല്ലോ അതിനു പ്രത്യുപകാരമായാവാം ഇപ്പോള്‍ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്ന നല്‍കിയത്. എന്തായാലും എനിക്ക് പ്രണബ് കുമാര്‍ മുഖര്‍ജിയോട് ഇപ്പോള്‍ ബഹുമാനം ഒന്നുമില്ല. അക്കാര്യം തുറന്നു പറയുന്നതില്‍ എന്താണ് തെറ്റ്. 

പത്മ പുരസ്കാരം നല്‍കുന്നതിലും ഉന്നതമായ യോഗ്യതകള്‍ ഉള്ളവര്‍ക്കാണ് ഭാരതരത്ന നല്‍കേണ്ടത്. മദന്‍ മോഹന്‍ മാളവ്യയ്ക്ക് നേരത്തെ വാജ്പേയ്ക്കൊപ്പം ഭാരതരത്ന നല്‍കിയിരുന്നു. അതിനെതിരെ വിമര്‍ശനം ഉയര്‍ത്തിയവര്‍ക്ക് ബിജെപി നല്‍കിയ മറുപടി അദ്ദേഹം ബനാറസ് സര്‍വകലാശാല സ്ഥാപിച്ചിരുന്നു എന്നാണ്. ലോകപ്രശസ്തമായ അലിഗഢ് സര്‍വകലാശാല സ്ഥാപിച്ച സര്‍ സയ്യീദ് അഹമ്മദ്ഖാനും ഭാരതരത്ന കൊടുക്കണം എന്ന ആവശ്യം അപ്പോള്‍ ഉയര്‍ന്നു. മുസ്ലീങ്ങള്‍ക്കൊന്നും കൊടുക്കാനുള്ളതല്ല ഭാരതരത്ന എന്നാണ് അന്ന് ആര്‍എസ്എസ് പറഞ്ഞത്. ഇന്ന് മോഹന്‍ലാലിന് കിട്ടിയ പോലെ നാളെ മമ്മൂട്ടിക്കും പത്മപുരസ്കാരം ലഭിക്കണം. അദ്ദേഹവും അതിന് അര്‍ഹനാണ്. ഒരു മലയാളിക്ക് പത്മ അവാര്‍ഡ് കിട്ടുന്പോള്‍ നമ്മുക്കെല്ലാം അഭിമാനമുണ്ടാവണം. കുറേ പ്രാഞ്ചിമാര്‍ക്ക് പത്മ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. അതു പോലെ കഴിവുള്ളവര്‍ക്കും കിട്ടണം. 

സെന്‍കുമാറിനെ ഡിജിപി പദവിയില്‍ നിന്നു മാറ്റിയ നടപടിയെ കേരളത്തിലെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമൊപ്പം എതിര്‍ത്തയാളാണ് ഞാന്‍. നന്പി നാരായണനോട് ചെയ്ക ദ്രോഹങ്ങള്‍ക്ക് എന്തൊക്കെ പ്രായശ്ചിത്തം ചെയ്താലും അതു മതിയാവില്ല. ക്യാബിനറ്റ് സെക്രട്ടറി, ഹോം സെക്രട്ടറി, പ്രസിഡന്‍റിന്‍റെ സെക്രട്ടറി കൂടാതെ നാലോളം വിദഗ്ദ്ധരും ചേര്‍ന്നാണ് പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഭാരതരത്നയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നേരിട്ടാണ് രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കുന്നത്. രാഷ്ട്രം നല്‍കുന്ന പരമോന്നത പദവിയാണ് പത്മപുരസ്കാരം. അതിനെ അവഹേളിക്കുകയാണ് സെന്‍കുമാര്‍ ചെയ്തത്. 

ഡിജിപി പദവിയില്‍ നിന്നും വിരമിച്ചയാളാണ് സെന്‍കുമാര്‍ ഇരുന്ന പദവിയുടെ മഹത്വമെങ്കിലും അദ്ദേഹം കാണിക്കണം. രാജ്യത്തെ പരമോന്നത ബഹുമതികള്‍ ബലാത്സംഗ കേസ് പ്രതികളായ ഗോവിന്ദചാമിക്കും അമറുല്‍ ഇസ്ലാമിനുമെല്ലാം നല്‍കണം എന്ന് പറഞ്ഞ സെന്‍കുമാര്‍ മൃഗങ്ങളേക്കാളും അധപതിച്ചു പോയിരിക്കുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളെല്ലാം പരിശോധിച്ചാല്‍ അദ്ദേഹത്തിന്‍റെ തളയില്‍ തളം വയ്ക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ആര്‍എസ്എസുകാര്‍ കാണിക്കാത്ത ആവേശമാണ് ഭരണഘടന പൊളിച്ചെഴുത്തുന്നതില്‍ അദ്ദേഹം കാണിക്കുന്നത്. ഭരണഘടനയില്‍ നിന്നും മതനിരപേക്ഷത എടുത്തു കളയണം എന്നാണ് സംഘപരിവാര്‍ പറയുന്നത്. എന്നാല്‍ രാജാവിനേക്കാളും വലിയ രാജഭക്തിയാണ് ഇപ്പോള്‍ അദ്ദേഹം കാണിക്കുന്നത്. 

പുത്തരിക്കണ്ടം മൈതാനത്ത് അദ്ദേഹം പോയി പ്രസംഗിച്ചതിനെ ഞാന്‍ കുറ്റം പറയില്ല. എന്നാല്‍ അവിടെ പോയി പ്രസംഗിച്ചതെല്ലാം ഒരു മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ മതേതരത്വത്തെ വെല്ലുവിളിക്കുന്നതാണ്. ഇന്ത്യയുടെ മതേതരത്വത്തെ വെല്ലുവിളിക്കാന്‍ ഒരുത്തന്‍ തയ്യാറായാല്‍ അയാളെ ഇന്ത്യക്കാരനായി കാണാനാവില്ല. ആര്‍എസ്എസുകാരാനാണ് സെന്‍കുമാറെങ്കില്‍ ആര്‍എസ്എസുകാരുടെ അപ്പസ്തലോനായ മോദി നയിക്കുന്ന സര്‍ക്കാരാണ് ഈ പുരസ്കാരങ്ങള്‍ നല്‍കിയത്. നാളെ സെന്‍കുമാറിനും ഇതേ പോലെ പദവികള്‍ ലഭിക്കും. അന്നും അദ്ദേഹം ഇതേ അഭിപ്രായം പറയുമോ. ചില പദവികള്‍ ലക്ഷ്യം വച്ചാണ് സെന്‍കുമാര്‍ കളിക്കുന്നതെന്നും നമ്മുക്ക് അറിയാം.