ന്യൂഡല്‍ഹി: അതിർത്തിയിലെ സംഘർഷത്തിനിടെ തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചതിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രംഗത്ത്. പാക്കിസ്ഥാനുള്ള അനുയോജ്യമായ മറുപടി സൈന്യവും അതിർത്തി രക്ഷാ സേനയും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് ദീപാവലി ആഘോഷിക്കാൻ ഇന്ത്യൻ ജനതയ്ക്ക് കഴിയുന്നുണ്ടെങ്കിൽ അതിന്റെ കാരണം സൈനികരാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിലെ കുപ്വാരയിൽ പാകിസ്ഥാൻ വെടിവയ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൂടി കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രാത്രി ഭീകരരെ ഉപയോഗിച്ച് ജവാനെ വധിച്ച് മൃതദ്ദേഹം വികൃതമാക്കിയ സംഭവത്തിൽ പാകിസ്ഥാന് ഉചിതമായ മറുപടി നല്കുമെന്ന് കരസേന വ്യക്തമാക്കി. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കുറവ് നികത്തി എന്തിനും തയ്യാറെടുക്കാനുള്ള അനുമതി സർക്കാർ പ്രതിരോധ സേനകൾക്ക് നല്കി.

രാജ്യം ദീപാവലി ആഘോഷിക്കുമ്പോൾ അതിർത്തിയിലും നിയന്ത്രണ രേഖയിലും പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണം ശക്തമാക്കുകയാണ്. ഇന്നലെ രാത്രി നിയന്ത്രണ രേഖ കടന്നെത്തിയ ഭീകരർ ഇന്ത്യൻ ജവാൻ മൻജിത് സിംഗിനെ വധിച്ച് മൃതദ്ദേഹം വികൃതമാക്കിയ ശേഷം പാക് അധിനിവേശ കശ്മീരിലേക്ക് രക്ഷപ്പെട്ടിരുന്നു. കുപ്വാരയിലെ മച്ചിൽ സെക്ടറിൽ ഭീകരർക്ക് രക്ഷപ്പെടാൻ പാക്സേന തന്നെ രക്ഷാകവചം തീർക്കുകയായിരുന്നു. മഞ്ജിത് സിംഗിന് രാജ്യം ആദരാഞ്ജലി അർപ്പിച്ചു. കുപ്വാരയിൽ ഇന്നു പുലർച്ചെ ഉണ്ടായ വെടിവയ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൂടി മരിച്ചു. പാകിസ്ഥാന്റെ ഈ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം നയതന്ത്ര തലത്തിൽ അറിയിക്കും. ഒപ്പം അതിർത്തിയിൽ തിരിച്ചടിക്കാൻ കേന്ദ്രം സൈന്യത്തിന് നിർദ്ദേശം നല്കിയിട്ടുണ്ട്.

ഭീകരരും പാക് സൈനികരും ഉൾപ്പെട്ട ബോഡർ ആക്ഷൻ ടീം, ബിഎറ്റിയെയാണ് പാകിസ്ഥാൻ ഇപ്പോൾ ഈ നീക്കങ്ങൾക്ക് ഉപയോഗിക്കുന്നത്. കാലാവധി നീട്ടി വാങ്ങാൻ ആഗ്രഹിക്കുന്ന പാക് സേനാ മേധാവി ജനറൽ റഹീൽ ഷെരീഫ് അതിർത്തിയിൽ വലിയൊരു കടന്നുകയറ്റത്തിനോ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നിൽ ഭീകരാക്രമണത്തിനോ ശ്രമിക്കും എന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കുറവ് അടിയന്തരമായി നികത്താനുള്ള സാമ്പത്തിക അനുമതി സൈന്യത്തിന് സർക്കാർ നല്കി. നാവിക സേന പശ്ചിം ലഹർ എന്ന പേരിൽ അറേബ്യൻ കടലിൽ 40 യുദ്ധകപ്പലുകളും മുങ്ങികപ്പലുകളും ഉൾപ്പെട്ട വൻ അഭ്യാസത്തിന് തയ്യാറെടുക്കുകയാണ്. പാക് നയതന്ത്ര ഉദ്യോഗസ്ഥൻ ഉൾപ്പെട്ട ചാരശൃംഘലയിലെ ഒരാൾ കൂടി ദില്ലി പോലീസിന്റെ പിടിയിലായി സൂചനയുണ്ട്.