കശ്മീരിൽ താമിസിക്കുന്ന പടിഞ്ഞാറൻ പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികുടുംബങ്ങൾക്ക് രാജ്നാഥ് സിംഗ് അഞ്ചരലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിനുള്ളിൽ റംസാൻ മാസത്തിൽ പ്രഖ്യാപിച്ച വെടിനിർത്തൽ നീട്ടുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്നാഥ് സിങ്. അതിർത്തി ഗ്രാമങ്ങളിൽ ഒൻപത് സൈനിക ബറ്റാലിയനുകളെ കൂടി വിന്യസിക്കുമെന്നും ശ്രീനഗറിലെ വാർത്താ സമ്മേളനത്തിൽ രാജ്നാഥ് സിങ് പറഞ്ഞു.
കശ്മീരിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷമുള്ള സാഹചര്യം വിലയിരുത്താനാണ് രാജ്നാഥ് സിങ് കശ്മീരിലെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ,ഗവർണർ എൻഎൻ വോറ,ജനപ്രതിനിധികൾ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതൽ ആലോചനയ്ക്ക് ശേഷമേ വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുവെന്ന് മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കൊപ്പം കുപ്വാര,ആർഎസ് പുര അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുമായി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി. ഇരുവരും സന്ദർശിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് കുപ്വാരയിൽ ഭീകരർ സൈന്യത്തിന്‍റെ പട്രോളിങ് സംഘത്തിന് നേരെ ആക്രമണം നടത്തിയിരുന്നു.
ശ്രീനഗറിൽ പുതുതായി സ്ഥാപിക്കുന്ന 9 സൈനിക ബറ്റാലിയനുകളിൽ രണ്ടെണ്ണം വനിതാ ബറ്റാലിയനുകളായിരിക്കുമെന്ന് രാജ്നാഥ്സിംഗ് അറിയിച്ചു. കശ്മീരിൽ താമിസിക്കുന്ന പടിഞ്ഞാറൻ പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികുടുംബങ്ങൾക്ക് അഞ്ചരലക്ഷം വീതം സഹായധനവും രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു..
