ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.തീവ്രവാദത്തിനെതിരെ മാത്രമല്ല അവരെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾക്കെതിരെയും നടപടി വേണമെന്ന് രാജ്നാഥ് സിംഗ് സാര്‍ക്ക് ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടു. രാജ്നാഥ് സിംഗിന്റെ പ്രസംഗം ചിത്രീകരിക്കുന്നതിൽ നിന്ന് പാക് സർക്കാർ മാധ്യമങ്ങളെ വിലക്കി.

പത്താൻകോട്ട് ഭീകരാക്രമണത്തിന് ശേഷം വഷളായ ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിലെ അതൃപ്തി സാർക്ക് ഉച്ചകോടിയിലും പ്രതിഫലിച്ചു.ശക്തമായ ഭാഷയിലാണ് സാർക്ക് ഉച്ചകോടിയിൽ രാജ്നാഥ് സിംഗ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്.തീവ്രവാദികളെ രക്തസാക്ഷികളാക്കി മഹത്വവത്കരിക്കരുതെന്ന് രാജ്നാഥ് സിംഗ് ആമുഖ പ്രസംഗത്തിൽ പറഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നുപറഞ്ഞ രാജ്നാഥ് സിംഗ് അത്തരം രാജ്യങ്ങൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

പത്താൻകോട്ട് ആക്രമണം, കശ്മീർ സംഘർ‍ഷത്തിൽ പാകിസ്ഥാന്റെ പ്രകോപനം എന്നീ വിഷയങ്ങൾ പരാമർശിച്ചായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന.ഈ ആക്രമണങ്ങളിലെല്ലാമുള്ള പാകിസ്ഥാന്റെ പങ്ക് രാജ്നാഥ് സിംഗ് യോഗത്തിൽ വിമർശിച്ചെന്നാണ് റിപ്പോർട്ട്.തീവ്രവാദത്തിനെ വെറുതെ വിമർശിച്ചതുകൊണ്ട് കാര്യമില്ലെന്നും ഈ വിപത്തിനെ എതിർക്കാന സാർക്ക് രാജ്യങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

രണ്ടേക്കാലോടെ തുടങ്ങിയ പ്രസംഗം ഒരു മണിക്കൂറോളം നീണ്ടു. പ്രസംഗത്തിന് ശേഷം ദില്ലിയിലേക്ക് തിരിച്ച ആഭ്യന്തര മന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമായിരിക്കും മാധ്യമങ്ങളെ കാണുക.അതേസമയം, രാജ്നാഥ് സിംഗ് അടക്കമുള്ള സാർക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗം ചിത്രീകരിക്കാൻ മാധ്യമങ്ങളെ പാക്സർക്കാർ അനുവദിച്ചില്ല. പാകിസ്ഥാന്റെ ഔദ്യോഗിക ചാനലായ പീപ്പിൾസ് ടീവിക്ക് മാത്രമായിരുന്നു യോഗം ചിത്രീകരിക്കാനുള്ള അനുമതി.