ദില്ലി: രാജ്യസഭയില്‍ ഒഴിവു വരുന്ന 59 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മാര്‍ച്ച് 12-ന് നടക്കും. 

16 സംസ്ഥാനങ്ങളില്‍ നിന്നുള്ള 58 അംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ഇത്രയും സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടൊപ്പം എം.പി വീരേന്ദ്രകുമാര്‍ എംപി രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കും. 

മാര്‍ച്ച് 12-വരെ രാജ്യസഭാ തിരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജെഡിയു യുഡിഎഫ് വിട്ടതിനെ തുടര്‍ന്നാണ് എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്. 

അതേസമയം കെ.കെ.രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന ചെങ്ങന്നൂര്‍ നിയമസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്കൊപ്പം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ തീയതിയും കമ്മീഷന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.