തൃശൂരിലും പോസ്റ്ററുകള്‍, ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും വിമര്‍ശനം

തൃശൂര്‍: രാജ്യസഭാ സീറ്റ് സംബന്ധിച്ച തർക്കം കോണ്‍ഗ്രസില്‍ തീരുന്നില്ല. തൃശൂർ ഡിസിസി ഓഫീസിനു മുന്നിലും പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രതിഷേധിച്ച കോൺഗ്രസുകാർക്കെതിരെയുള്ള നടപടി പിൻവലിക്കണമെന്നാണ് പോസ്റ്ററിലെ പ്രധാന ആവശ്യം. ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും എതിരായ രൂക്ഷ വിമര്‍ശനങ്ങളും പോസ്റ്ററുകളിലുണ്ട്. വിമര്‍ശനങ്ങളെ എന്തിനാണ് നേതാക്കള്‍ ഭയക്കുന്നത്, പ്രതിഷേധിച്ചവരെ പുറത്താക്കുന്നതെന്തിനാണ്, കള്ളന്മാരാണ് ചോദ്യം ചെയ്യുന്നവരെ ഭയക്കുന്നതെന്നും പോസ്റ്ററുകളില്‍ കുറ്റപ്പെടുത്തുന്നു.

എംഎം ഹസന്‍, ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കള്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളeണ് പോസ്റ്ററുകളിലുള്ളത്. എല്ലാം കഴിഞ്ഞിട്ട് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ വീഴ്ചപറ്റിയെന്ന് ഏറ്റുപറഞ്ഞിട്ട് എന്താണ് കാര്യമെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. നേരത്തെ സീറ്റ് നല്‍കിയതില്‍ വീഴ്ചപറ്റിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. തൃശൂര്‍ ഘടകത്തിലും രാജ്യസഭാ സീറ്റ് സംബന്ധിച്ച അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുവെന്നാണ് ഡിസിസി ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള‍് നല്‍കുന്ന സൂചന.