ദാമന്‍ ദിയു: കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ദിയുവില്‍ രക്ഷാബന്ധന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചു. ദാമന്‍ ദിയും അഡ്മിനിസ്ട്രേഷന്‍ സെക്രട്ടറി ഗുപ്രീത് സിംഗ് ആണ് ഓഗസ്റ്റ് ഏഴിനു നടക്കുന്ന രക്ഷാബന്ധന്‍ ദിനത്തില്‍ എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കണമെന്നും ആഘോഷം സംഘടിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ പുറത്തിറക്കിയത്. സ്രീകള്‍ നിര്‍ബന്ധമായും സഹപ്രവര്‍ത്തകരുടെ കൈയ്യില്‍ രക്ഷയണിയിക്കണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.

ആഘോഷങ്ങളില്‍ പങ്കെടുത്തവരുടെ എണ്ണം തൊട്ടടുത്ത ദിവസം വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അറിയിക്കണമെന്നും സര്‍ക്കുലറിലുണ്ടായിരുന്നു. ദാമന്‍ ദിയുവിലെ ഓഫീസ് മേധാവികള്‍ക്കാണ് ഇതുസംബന്ധിച്ച സെക്രട്ടറി വിവാദ നിര്‍ദ്ദശം നല്‍കിയത്. വിവാദ സര്‍ക്കുലറിനെതിരെ ഉദ്യോഗസ്ഥ തലത്തിലും ജനങ്ങള്‍ക്കിടയിലും പ്രതിഷേധം വ്യാപകമായതോടെ ഉത്തരവ് പിന്‍വലിച്ച് അധികൃതര്‍ തടിയൂരുകയായിരുന്നു.

ജീവനക്കാര്‍ക്കിടയില്‍ സാഹോദര്യം വളര്‍ത്തുക മാത്രമായിരുന്നു ഉത്തരവിലൂടെ ലക്ഷ്യമിട്ടതെന്ന് ഗുപ്രീത് സിംഗ് വ്യക്തമാക്കി.ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നും സിംഗ് പറഞ്ഞു.