ലഖ്നൗ: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി പിളർപ്പിലേക്ക്..ലക്നൗവിൽ നടന്ന പ്രത്യേക ദേശീയ കൺവെൻഷനിൽ അഖിലേഷ് യാദവ് ദേശീയ അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തു. അമർസിംഗിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അഖിലേഷിന്‍റെ നേതൃത്വത്തിൽ ദേശീയ കൺവെൻഷൻ വിളിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് മുലായം സിംഗ് യാദവ് ആരോപിച്ചു.
മുലായം സിംഗ് യാദവിന്റെ വിലക്കിനെ മറികടന്ന് അഖിലേഷ് യാദവും രാം ഗോപാൽ യാദവും വിളിച്ച് ചേർത്ത പ്രത്യേക ദേശീയ കൺവെൻഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അഖിലേഷിനെ ദേശീയ അധ്യക്ഷനാണമെന്ന പ്രമേയം കൺവെൻഷൻ ഐക്യകണ്ഠേനെ പാസ്സാക്കി..അമർസിംഗിനെ പുറത്താക്കണമെന്നും ,ശിവ് പാൽ യാദവിനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നും നീക്കണമെന്നും നിർദ്ദേശിക്കുന്ന പ്രമേയവും കൺവെൻഷൻ അംഗീകരിച്ചു.
നരേഷ് അഗർവാൾ ഉൾപ്പെടെ പാർട്ടിയിലെ നിരവധി പ്രമുഖർ കൺവെൻഷനിൽ പങ്കെടുത്തു. ഇന്നലെ സമവായ നീക്കത്തിന് നേതൃത്വം നൽകിയ അസംഖാൻ കൺവെൻഷനിൽ നിന്ന് വിട്ടു നിന്നു. മുലായം സിംഗ് യാദവ് എപ്പോഴും തന്‍റെ നേതാവാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
അതേസമയം ദേശീയ കൺവെൻഷൻ പാർട്ടി വിരുദ്ധവും ഭരണഘടനാ വിരുദ്ധമാണെന്ന് മുലായം സിംഗ് യാദവ് വാർത്താക്കുറിപ്പിറക്കി. ഇതോടെ സമാജ്വാദി പാർട്ടിക്ക് രണ്ട് ദേശീയ അധ്യക്ഷൻമാരുള്ള അവസ്ഥയാണ്. അഖിലേഷിന്‍റെ നീക്കത്തിനെതിരെ എന്ത് മറു നീക്കമാണ് മുലായവും ശിവ്പാലും നടത്തുകയെന്നത് ഇതുവരെ വ്യക്തമായിട്ടില്ല
