വാരണാസി : ബലാൽസംഗക്കേസിൽ കോടതി 20 വർഷം തടവു ശിക്ഷയ്ക്കു വിധിച്ച ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങിനെതിരെ പ്രതിഷേധവുമായി വാരണാസിയിലെ സന്യാസിമാർ. ഗുർമീത് സിങിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടാണ് സന്യാസിമാരുടെ സമരം. റാം റഹീമിനെ തൂക്കിലേറ്റണം എന്നെഴുതിയ പ്ലക്കാർഡുകൾക്കൊപ്പം മുദ്രാവാക്യം മുഴക്കിയാണ് സന്യാസിമാർ പ്രകടനം നടത്തിയത്. ബലാത്സംഗ കേസിൽ പിടിക്കപ്പെടുന്നവർക്ക് വധശിക്ഷ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റാം റഹീം സിങ്‌ നയിച്ചത് ആഢംബര ജീവിതമെന്നും യഥാർഥ സന്യാസി ആഢംബരം വെടിഞ്ഞ് ലളിത ജീവിതം നയിക്കാനാണ് ശീലിക്കേണ്ടതെന്ന് സന്യാസിയായ ദുനി ബാബ പറഞ്ഞു. വധശിക്ഷയാണ് റാം റഹീം സിങ് അർഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെളളിയാഴ്ചയാണ് ബലാൽസംഗക്കേസിൽ റാം റഹീം സിങ് കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയത്. വിധി വന്നതിനുശേഷം ആയിരക്കണക്കിന് അനുയായികൾ വിവിധ സംസ്ഥാനങ്ങളിൽ വ്യാപക അക്രമങ്ങളാണ് നടത്തിയത്. ഇതിൽ 38 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

തിങ്കളാഴ്ചയാണ് സ്വയം പ്രഖ്യാപിത ആൾദൈവമായ ഗുർമീത് റാം റഹീം സിങിനെ ബലാത്സംഗ കേസിൽ കോടതി 20 വർഷം കഠിന തടവിന് ശിക്ഷിച്ചത്. 15 ലക്ഷം രൂപ വിതം ഇരകൾക്ക് നൽകാനും കോടതി വിധിച്ചിട്ടുണ്ട്. വിധിക്ക് പിന്നാലെ ഗുർമീതിന് ലഭിച്ച ശിക്ഷയിൽ താൻ സംതൃപ്തയല്ലെന്ന് ബലാത്സംഗത്തിനിരയായ യുവതി പ്രതികരിച്ചിരുന്നു.