ഹരിയാന: ബലാത്സംഗക്കേസില്‍ ജയിലിലായ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ ആശ്രമത്തില്‍ നിന്ന് പ്ലാസ്റ്റിക് കറന്‍സിയുടെ വന്‍ ശേഖരം കണ്ടെത്തി. റഹീമിന്റെ സിര്‍സയിലെ ആശ്രമത്തില്‍ നടത്തിയ പോലീസ് റെയ്ഡിലാണ് പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ കറന്‍സിയും നാണയങ്ങളും പിടിച്ചെടുത്തത്. കംപ്യൂട്ടര്‍ രേഖകള്‍ പിടിച്ചെടുത്ത പോലീസ് ഭൂഗര്‍ഭ മുറികള്‍ പലതും സീല്‍ ചെയ്യുകയും ചെയ്തു.

പഞ്ചാബ് ഹരിയാന ഹൈക്കോടതികള്‍ സെപ്തംബര്‍ അഞ്ചിന് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിര്‍സയിലെ ദേരാ സച്ചാ ആശ്രമം റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ എകെ 47 അടക്കം 37തോക്കുകള്‍ ആശ്രമത്തില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. കൂടുതല്‍ ആയുധ ശേഖരം കണ്ടെത്തുന്നതിനും സാന്പത്തിക ക്രമക്കേടുകള്‍ തിട്ടപ്പെടുത്തുന്നതിനും ആണ് പരിശോധനകള്‍ നടത്തിയത്. റെയിഡിന് മുന്നോടിയായി സിര്‍സയില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിരുന്നു. 

പരിശോധനയില്‍ റെയിഡില്‍ പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ കറന്‍സികളും നാണയങ്ങളും പോലീസ് പിടിച്ചെടുത്തു. ഇത് എന്തിനായിരുന്നു ഉപയോഗിച്ചതെന്ന് കൂടുതല്‍ അന്വേഷണത്തില്‍ നിന്നേ വ്യക്തമാവൂ. ഗുര്‍മീത് സമാന്തര സമ്പദ് വ്യവസ്ഥ സിര്‍സയില്‍ സൃഷ്ടിക്കുന്നെന്ന് നേരത്തേ ആരോപണമുണ്ട്. പൂട്ടുകള്‍ പൊളിക്കാനുള്ള കൊല്ലന്‍മാരും ഭൂമി കുഴിക്കാനായി ജെസിബിയും അടക്കം വന്‍ സന്നാഹങ്ങളുമായാണ് അധികൃതര്‍ റെയ്ഡിനെത്തിയത്.

ബോംബ് ഡോഗ് സ്‌ക്വാഡിനെ നേരത്തെ തന്നെ ആശ്രമത്തിലെത്തിച്ചിരുന്നു. അക്രമ സംഭവങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നാല് കമ്പനി പട്ടാളത്തെയും 40 കമ്പനി അര്‍ധ സൈനികരെയും സിര്‍സയില്‍ നിയോഗിച്ചു. അക്രമം നടത്തരുതെന്ന് ആശ്രമം വക്താവ് വിപാസന രാവിലെ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. റെയിഡില്‍ പിടിച്ചെടുത്ത വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനകള്‍ക്ക് അയക്കും