പാട്‌ന: ഇന്ത്യയുടെ പ്രതീകം താജ്‍മഹലല്ല ഭഗവദ്ഗീതയും രാമായണവുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് വിദേശത്ത് നിന്നുള്ള വിശിഷ്ടാതിഥികളൊക്കെ സന്ദര്‍ശിക്കാനെത്തുമ്പോള്‍ താജ്മഹലിന്റെയും മറ്റ് മിനാരങ്ങളുടെയും പകര്‍പ്പാണ് ഉപഹാരമായി സമര്‍പ്പിക്കുന്നതെന്നും എന്നാല്‍ ഇവയൊന്നും ഇന്ത്യന്‍ സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും യോഗി പറഞ്ഞു.

അവര്‍ക്ക് ഭഗവത് ഗീതയുടെയും രമായണത്തിന്റെയും പകര്‍പ്പാണ് കൊടുക്കേതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ബിഹാറിലെ ദര്‍ഭംഗയില്‍ നടന്ന ചടങ്ങിലാണ് യോഗിയുടെ ഈ പ്രസ്താവന.

മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്ക് സമ്മാനിക്കുന്നത് രാമായണത്തിന്റെയും മഹാഭാരതത്തിന്റെയുമൊക്കെ പകര്‍പ്പാണ്. രാമായണം ഒരു വിദേശ പ്രസിഡന്റിന് സമ്മാനിക്കുമ്പോള്‍ അത് ബീഹാറിന്റെ ചരിത്രത്തെയാണ് ഊട്ടിയുറപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിശിഷ്ട വ്യക്തികള്‍ക്ക് രാമായണവും ഭഗവത് ഗീതയും സമ്മാനിക്കുന്ന പ്രധാനമന്ത്രിയുടെ നടപടിയെയും അദ്ദേഹം പുകഴ്ത്തി. ഇന്ത്യന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും അതിഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന പതിവുണ്ട്. ആഗ്രയിലെ താജ് മഹലിനോ മറ്റേതെങ്കിലും മിനാരങ്ങള്‍ക്കോ ഇന്ത്യയുടെ പൈതൃകവുമായി യാതൊരു ബന്ധവുമില്ല. നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയ ശേഷമാണ് ഗീതയോ രാമായണമോ സമ്മാനമായി നല്‍കുന്ന രീതി തുടങ്ങിയതെന്നും യോഗി പറയുന്നു. രാമായണം ഒരു വിദേശ പ്രതിനിധിക്ക് നല്‍കുമ്പോള്‍ ബിഹാറിന്റെ ചരിത്രമാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.