നന്മകൾ പ്രചരിപ്പിക്കുന്നതിനാകട്ടെ ഓരോ വിശ്വാസവും വായനയും എന്നാണ് വീഡിയോയുടെ തലക്കെട്ട്
രാമായണമാസത്തിൽ രാമായണ പാരായണവുമായി സിപിഎം കായംകുളം എംഎൽഎ പ്രതിഭാ ഹരി. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് എംഎൽഎ രാമായണം വായിക്കുന്നതിന്റെ ഒന്നരമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാമായണ മാസാചരണത്തിന് തുടക്കമായി, നന്മകൾ പ്രചരിപ്പിക്കുന്നതിനാകട്ടെ ഓരോ വിശ്വാസവും വായനയും എന്നാണ് വീഡിയോയുടെ തലക്കെട്ട്. കൗതുകത്തോടെയും അമ്പരപ്പോടെയുമാണ് സോഷ്യൽ മീഡിയ ഈ വീഡിയോ സ്വീകരിച്ചിരിക്കുന്നത്.
രണ്ട് ദിവസം മുമ്പാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിപിഎം രാമായണ മാസാചരണവും രാമായണ പഠനവും നടത്തുന്നു എന്ന പ്രചരണത്തിന് പിന്നാലെയാണ് സിപിഎം എംഎൽഎയുടെ രാമായണ പാരായണം. എന്നാൽ ഈ വാർത്ത നിഷേധിച്ച് സിപിഎം നേതാക്കൾ രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് പ്രതിഭാ ഹരിയുടെ രാമായണ പാരായണം.
