അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റിയിലെ മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രം പ്രതികരണവുമായി ബാബാ രാംദേവ്

ദില്ലി: അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റിയിലെ മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രത്തെക്കുറിച്ചുള്ള വിവാദത്തില്‍ പ്രതികരണവുമായി രാം ദേവ്. വിഗ്രഹങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും പ്രാധാന്യം കൊടുക്കാത്ത ഇസ്ലാം മതവിശ്വാസികള്‍ മുഹമ്മദലി ജിന്നയുടെ ഛായാചിത്രത്തെക്കുറിച്ച് ആകുലപ്പെടേണ്ടെന്ന് ബാബാ രാംദേവ് പറഞ്ഞു. ബീഹാറില്‍ നളന്ദ യോഗ സെഷനില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാം ദേവ്.

ജിന്നയുടെ ഛായാചിത്രം അലിഗഡ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിക്കുന്നത് ചോദ്യം ചെയ്ത് അലിഗഡ് ബിജെപി എംപി സതീഷ് ഗൗതം വൈസ് ചാന്‍സലറിന് കത്തെഴുതിയിരുന്നു. എന്നാല്‍ ജിന്ന സര്‍വകലാശാലയുടെ സ്ഥാപക അംഗങ്ങളിലൊരാളാണെന്നാണ് സര്‍വകലാശാല വ്യക്തമാക്കിയത്.

പാക്കിസ്ഥാന്‍ സ്ഥാപകന് ഒരിക്കലും ഇന്ത്യയുടെ ആദര്‍ശ രൂപമാകാന്‍ കഴിയില്ലെന്ന് പറഞ്ഞ രാം ദേവ് സ്വന്തം രാജ്യമായ പാക്കിസ്ഥാന് ജിന്ന നല്ലതെന്നും ന്യൂസ് ഏജന്‍സിയോട് പറഞ്ഞതായി എന്‍ഡിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസിലെ ചുമരിലെ ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പുറത്തുനിന്നുള്ള ബിജെപി അനുകൂല വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ അതിക്രമിച്ച് കയറിയതും സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.