മണിക്കൂറുകളുടെ ഇടവേളയിൽ ഇടുക്കിയിലും എറണാകുളത്തും 11 ഡാമുകള്‍ തുറന്നു. പമ്പ നദിയിലെ ഒന്‍പത് ഡാമുകളും ചാലക്കുടിയാറിലെ 6 ഡാമുകളും തുറന്നു. ഇത്രയും ഡാമുകള്‍ ഒരുമിച്ചു തുറന്നിട്ടാല്‍ എന്ത് സംഭവിക്കും എന്നതിനെപ്പറ്റി യാതൊരു ധാരണയും സർക്കാരിനുണ്ടായിരുന്നില്ല... 

തിരുവനന്തപുരം: കേരളം സാക്ഷ്യംവഹിച്ച മഹാപ്രളയത്തിലെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചതോടെ പ്രളയത്തിന് പിന്നിലെ കാരണങ്ങളെ ചൊല്ലി ആരോപണ-പ്രത്യാരോപണങ്ങള്‍ ശക്തമാക്കുന്നു. ലാഭം ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി ഡാമുകള്‍ അവസാനനിമിഷം വരെ തുറക്കാതെ വച്ചതാണ് പ്രളയത്തിന് കാരണമായാതെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും സര്‍ക്കാരില്‍ നിന്നുണ്ടായില്ലെന്നും ഡാമുകള്‍ തുറന്നുവിട്ടാല്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് യാതൊരു ധാരണയും വൈദ്യുതിവകുപ്പിനുണ്ടായിരുന്നുവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

1924 ലെ വെള്ളപൊക്കം പ്രകൃതി സൃഷ്ടിയായിരുന്നു. എന്നാല്‍ ഈ പ്രളയം മനുഷ്യനിര്‍മ്മിതമാണ്. ഡാമുകളില്‍ ജലനിരപ്പിനെക്കുറിച്ച് യാതൊരു ധാരണയും കെഎസ്ഇബിക്ക് ഇല്ലായിരുന്നു. തുലാം മാസത്തില്‍ മഴ ബാക്കി നില്‍ക്കുന്പോള്‍ ഈ സമയത്ത് ഡാമുകള്‍ നിറച്ചു വച്ചത് കെ.എസ്.ഇ.ബിയുടെ ലാഭക്കൊതി കൊണ്ടു മാത്രമാണ്. യാതൊരു മുന്നൊരുക്കവുമില്ലാതെ രാത്രിയ്ക്ക് രാത്രി കൂട്ടത്തോടെ ഡാമുകള്‍ തുറന്നുവിട്ടതാണ് കേരളത്തെ ഇത്തരമൊരു പ്രളയത്തിലേക്ക് നയിച്ചത്. 

ഇടുക്കിയിലും എറണാകുളത്തും 11 ഡാമുകള്‍ തുറന്നു. പന്പ നദിയിലെ ഒന്‍പത് ഡാമുകളും ചാലക്കുടിയാറിലെ 6 ഡാമുകളും തുറന്നു. ഇത്രയും ഡാമുകള്‍ ഒരുമിച്ചു തുറന്നിട്ടാല്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് യാതൊരു ധാരണയും വൈദ്യുതി വകുപ്പിനും ദുരന്തനിവാരണസമിയിക്കും ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ചുള്ള പ്രത്യാഘാതപഠനവും നടത്തിയില്ല. ലാഭക്കൊതിയന്‍മാരായ കെ.എസ്.ഇ.ബിയുടെ ആര്‍ത്തിയാണ് ഇത്ര വലിയ വിപത്തിലേക്ക് കേരളത്തെ നയിച്ചത്.