Asianet News MalayalamAsianet News Malayalam

വനിതാമതില്‍ സംഘാടക രക്ഷാധികാരിയാക്കിയത് അറിയിക്കാതെ; പ്രതിഷേധവുമായി രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തലയെ മുഖ്യരക്ഷാധികാരിയാക്കിയത് എല്ലാ ജില്ലകളിലെയും പ്രധാന ജനപ്രതിനിധികളെ ഉൾപ്പെടുത്തിയത് പോലെയാണെന്ന്  ജില്ലാഭരണകൂടം വിശദീകരിച്ചു. മന്ത്രി തോമസ് ഐസക്കിന്‍റെ അധ്യക്ഷതയിൽ ആലപ്പുഴയിൽ ചേർന്ന യോഗത്തിലാണ് ചെന്നിത്തലയെ ജില്ലാ സംഘാടനസമിതിയുടെ രക്ഷാധികാരിയാക്കിയത്.

Ramesh chenithala against woman wall
Author
Thiruvananthapuram, First Published Dec 12, 2018, 9:49 PM IST

തിരുവനന്തപുരം: വനിതാമതില്‍ സംഘാടകസമിതിയുടെ രക്ഷാധികാരിയായി അനുവാദമില്ലാതെ തന്‍റെ പേര് നിശ്ചയിച്ചതില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ ആലപ്പുഴ ജില്ലയിലെ സംഘാടക രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആലപ്പുഴ ജില്ലാ കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ തന്‍റെ അറിവോടെയല്ല ഈ തീരുമാനമെന്ന് ചെന്നിത്തല പ്രതികരിച്ചു. സംഭവത്തില്‍ പ്രതിപക്ഷനേതാവ് തന്‍റെ പ്രതിഷേധം ജില്ലാ കളക്ടറെ അറിയിച്ചു.

അതേസമയം രമേശ് ചെന്നിത്തലയെ മുഖ്യരക്ഷാധികാരിയാക്കിയത് എല്ലാ ജില്ലകളിലെയും പ്രധാന ജനപ്രതിനിധികളെ ഉൾപ്പെടുത്തിയത് പോലെയാണെന്ന്  ജില്ലാഭരണകൂടം വിശദീകരിച്ചു. മന്ത്രി തോമസ് ഐസക്കിന്‍റെ അധ്യക്ഷതയിൽ ആലപ്പുഴയിൽ ചേർന്ന യോഗത്തിലാണ് ചെന്നിത്തലയെ ജില്ലാ സംഘാടനസമിതിയുടെ രക്ഷാധികാരിയാക്കിയത്.  ജില്ലയിലെ മന്ത്രിമാർക്കൊപ്പമാണ് വനിതാ മതിലിനെ എതിർക്കുന്ന ചെന്നിത്തലയും മുഖ്യസംഘാടകനാകുന്നത്. ഹരിപ്പാട് എം എല്‍ എ എന്ന നിലയിലാണ് ചെന്നിത്തലയെ മുഖ്യ രക്ഷാധികാരിയാക്കിയത്.

അതേസമയം, വനിതാ മതിൽ സംഘടിപ്പിക്കാൻ സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. വനിതാ മതിലിന് സര്‍ക്കാര്‍ സംവിധാനങ്ങളും, പൊതു ഖജനാവില്‍ നിന്നുള്ള പണവും ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ്  ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

നാടിന്‍റെ നവോത്ഥാന മുന്നേറ്റത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ വിഭാഗങ്ങളെ ഒഴിച്ച് നിര്‍ത്തി ഏതാനും ചില മത സാമുദായിക വിഭാഗങ്ങളെ മാത്രം ക്ഷണിച്ച് വരുത്തി സംഘടിപ്പിക്കുന്ന വനിത മതില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ മാത്രമെ സഹായിക്കൂവെന്ന് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.  

Follow Us:
Download App:
  • android
  • ios