വയനാട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാല്‍ ആര്‍ക്കും ഡാം തുറന്നു വിടാം എന്നാണോ. ഏത് പിള്ള എന്ത് പിള്ള എന്ന മട്ടിലാണ് കെ.എസ്.ഇ.ബി ചെയര്‍മാന്‍ പ്രവര്‍ത്തിക്കുന്നത്. ഇടുക്കി ഡാം തുറന്ന വിട്ട പോലെ അറിയിപ്പ് നല്‍കി വേറെ ഏതെങ്കിലും ഡാം തുറന്നിട്ടുണ്ടോ.

തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രളയദുരന്തത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. സൈന്യത്തെ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് വിളിച്ചിരുന്നുവെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നുവെന്നും സര്‍ക്കാരിന്‍റെ വീഴ്ച്ചകളെ വിമര്‍ശിച്ചതിലൂടെ പ്രതിപക്ഷത്തിന്‍റെ കടമയാണ് നിര്‍വഹിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കേരളത്തില്‍ നടന്ന ദുരിതാശ്വാസ പ്രവർത്തനം ജനങ്ങളുടെ വിജയമാണ്. ഡാം തുറന്നത് മൂലമുണ്ടായ പ്രളയമാണ് കേരളത്തെ മുക്കിയത്. വയനാട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാല്‍ ആര്‍ക്കും ഡാം തുറന്നു വിടാം എന്നാണോ. ഏത് പിള്ള എന്ത് പിള്ള എന്ന മട്ടിലാണ് കെ.എസ്.ഇ.ബി ചെയര്‍മാന്‍ പ്രവര്‍ത്തിക്കുന്നത്. 

ഇടുക്കി ഡാം തുറന്ന വിട്ട പോലെ അറിയിപ്പ് നല്‍കി വേറെ ഏതെങ്കിലും ഡാം തുറന്നിട്ടുണ്ടോ. ഓറഞ്ച് അലര്‍ട്ട്, ബ്ലൂ അലര്‍ട്ട് എന്നൊക്കെ പറഞ്ഞാല്‍ ജനങ്ങള്‍ക്ക് അറിയാമോ. കുട്ടനാട്ടില്‍ ഇപ്പോഴും വെള്ളമിറങ്ങിയിട്ടില്ല. ജലം ഒഴുകി പോവാനുള്ള സ്പില്‍വേയ്കള്‍ എല്ലാം മണ്ണിടിഞ്ഞ് തടസ്സപ്പെട്ടു കിടക്കുകയാണ്. ആലപ്പുഴ ജില്ലാ കളക്ടറെ പലവട്ടം ബന്ധപ്പെട്ടിട്ടുണ്ടും തോട്ടപ്പള്ളി സ്പില്‍വേ തുറന്നു വിടാന്‍ തയ്യാറായില്ല. ദുരന്തമെല്ലാം ഉണ്ടാക്കിയിട്ട് രക്ഷകന്‍റെ വേഷം കെട്ടുകയാണ് സര്‍ക്കാര്‍. 

മദ്യനികുതി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത ചെന്നിത്തല വേണമെങ്കില്‍ മുപ്പതോ അന്‍പതോ രൂപ കൂടി അധിക നികുതി ചുമത്താനും നിര്‍ദേശിച്ചു. തിരുവോണദിവസം മദ്യവില്‍പനശാലകള്‍ക്ക് മാത്രം അവധി നല്‍കിയ നടപടിയെ വിമര്‍ശിച്ചു. തിരുവോണത്തിന് മദ്യവില്‍പന കേന്ദ്രങ്ങള്‍ അടച്ചിട്ട ശേഷം ബാറുകള്‍ തുറന്നിടുക വഴി ബാര്‍ മുതലാളിമാര്‍ക്ക് നല്ല ലാഭമാണ് ഉണ്ടാക്കി കൊടുത്തതെന്ന് ചെന്നിത്തല പറഞ്ഞു. 

കേരളത്തിലെ പ്രളയത്തിന്‍റെ സാഹചര്യത്തില്‍ സംസ്ഥാന പുനര്‍നിര്‍മ്മാണത്തിനായി ലോകബാങ്കില്‍ നിന്നോ എഡിബിയില്‍ നിന്നോ സര്‍ക്കാരിന് കടമെടുക്കാം ഇതിന് പ്രതിപക്ഷത്തിന് എതിര്‍പ്പില്ല. അതിന്‍റെ പേരില്‍ ആരുടെ ദേഹത്തും കരിഓയില്‍ ഒഴിക്കാന്‍ ഞങ്ങളില്ല. അത്തരം ബാലിശമായ ആശയങ്ങളുടെ ആളുകളല്ല ഞങ്ങള്‍. പ്രളയദുരന്തത്തെ ഒന്നായി നേരിടണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അതിനൊപ്പം ഞങ്ങളുണ്ടാക്കും.