തിരുവനന്തപുര: മുഖ്യമന്ത്രി മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തി മാര്‍ക്കിടുന്നതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ക്ക് തന്നെ മാര്‍ക്കില്ലെന്നും പിന്നെയെങ്ങനെ മറ്റു മന്ത്രിമാര്‍ക്ക് മാര്‍ക്കിടുമെന്നും ചെന്നിത്തല പത്രക്കുറിപ്പിലൂടെ ചോദിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുമായി കൂടിക്കാഴ്ചക്കെത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാര്‍ ആവിഷ്കരിച്ച അഭിമാന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയാണ് പ്രധാനമായും വിലയിരുത്തുക. ഓരോ മന്ത്രിമാരും അതാത് വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കുന്ന കൂടിക്കാഴ്ചക്കായി ഓരോരുത്തര്‍ക്കും പ്രത്യേകം സമയവും അനുവദിച്ചിട്ടുണ്ട്. ഒന്‍പത്, പത്ത് തീയതികളിലായി നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്രധാനമായും വിലയിരുത്തുന്നത് സര്‍ക്കാര്‍ ആവിഷ്കരിച്ച അഭിമാന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി തന്നെയാണ്. ഒപ്പം കഴിഞ്ഞ ഒരു വര്‍ഷത്തെ വകുപ്പ് പ്രവര്‍ത്തനത്തിന്റെ അവലോകന റിപ്പോര്‍ട്ടും ഹാജരാക്കണം.
ഓരോ പദ്ധതിയുടെയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനൊപ്പം വീഴ്‌ചകളും പദ്ധതി നിര്‍വ്വഹണത്തിലെ തടസങ്ങളും പ്രത്യേകം പരിഗണിക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയ തുകയില്‍ എത്രശതമാനം ചെലവഴിച്ചു, അടുത്ത പാദത്തില്‍ എത്രമാത്രം തുക ചെലവഴിക്കാനാകും തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയുണ്ടാകണം. ഒപ്പം ഓരോ വകുപ്പും പുതിയ പദ്ദതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും വേണം. മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സര്‍ക്കാറിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിന്റെ വിശദമായ അവലോകനവുമുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.
നിരന്തര വിലയിരുത്തല്‍ സംവിധാനം വന്നതോടെ സംസ്ഥാനത്തിന്റെ പദ്ധതി നിര്‍വ്വഹണത്തിലും ചെലവിലും കാര്യമായ പുരോഗതിയും പ്രതീക്ഷിക്കുന്നുണ്ട്. രണ്ട് ദിവസങ്ങളിയായി നടക്കുന്ന മാര്‍ക്കിടല്‍ കൂടിക്കാഴ്ചയില്‍ മുഴുവന്‍ സമയവും മുഖ്യമന്ത്രി പങ്കെടുക്കും.
