Asianet News MalayalamAsianet News Malayalam

വനിതാമതിൽ ആരും പൊളിക്കേണ്ടതില്ല, താനേ പൊളിയുമെന്ന് ചെന്നിത്തല

പിണറായി വിജയന്‍റെ വർത്തമാനം കേട്ടാൽ നവോത്ഥാനത്തിന്‍റെ ഹോൾസെയിൽ പിണറായിക്കാണ് എന്ന് തോന്നുമെന്ന് രമേശ് ചെന്നിത്തല. നവോത്ഥാനത്തിന്‍റെ പൈതൃകം പിണറായി ചുളുവിൽ തട്ടിയെടുക്കാൻ നോക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വനിതാമതിലിന്‍റെ ആലോചനാ യോഗത്തിൽ ഹിന്ദു സംഘടനകളെ മാത്രം വിളിച്ചത് ആർഎസ്എസിന്‍റെ അജണ്ടയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ramesh chennithala against vanitha mathil
Author
Trivandrum, First Published Dec 3, 2018, 5:43 PM IST

തിരുവനന്തപുരം: കേരളത്തിന്‍റെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിക്കുന്ന വനിതാ മതിൽ ആരും പൊളിക്കേണ്ടതില്ല, തനിയേ പൊളിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിന്‍റെ ആലോചനാ യോഗത്തിൽ പങ്കെടുത്തവരെല്ലാം ഓരോരുത്തരായി പിൻമാറുകയാണ്. പിണറായി വിജയന്‍റെ വർത്തമാനം കേട്ടാൽ നവോത്ഥാനത്തിന്‍റെ ഹോൾസെയിൽ പിണറായിക്കാണ് എന്ന് തോന്നും. നവോത്ഥാനത്തിന്‍റെ പൈതൃകം പിണറായി ചുളുവിൽ തട്ടിയെടുക്കാൻ നോക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

വനിതാമതിലിന്‍റെ ആലോചനാ യോഗത്തിൽ ഹിന്ദു സംഘടനകളെ മാത്രം വിളിച്ചത് ആർഎസ്എസിന്‍റെ അജണ്ടയാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ക്രിസ്ത്യൻ, മുസ്ലീം സംഘടനകളെ മതിലിൽ നിന്ന് മാറ്റിനിർത്തിയത് എന്തിനാണ്? കേരള നവോത്ഥാനത്തിന്‍റെ ചരിത്രത്തിൽ ന്യൂനപക്ഷ സംഘടനകൾക്ക് ഒരു പങ്കുമില്ലേയെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ നടപടി നവോത്ഥാനത്തെ തള്ളിപ്പറയുന്നതിന് തുല്യമാണ്. 

ഇന്ത്യയിലെ നവോത്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രവർത്തന ഫലമായിരുന്നു എന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങൾക്കും നേതൃത്വം കൊടുത്തത് കോൺഗ്രസ് ആണെന്ന് അദ്ദേഹം പറഞ്ഞു. അയിത്തോച്ചാടനം, വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യഗ്രഹം ഒക്കെ കോൺഗ്രസ് നേതൃത്വത്തിലാണ് നടന്നത്. കെ കേളപ്പൻ, കെ പി കേശവമേനോൻ, മന്നത്ത് പത്മനാഭൻ, ആർ ശങ്കർ തുടങ്ങിയ കോൺഗ്രസ് നേതാക്കളാണ് അവയ്ക്കെല്ലാം നേതൃത്വം കൊടുത്തത്. എകെജിയും പി കൃഷ്ണപിള്ളയും കോൺഗ്രസ് വോളണ്ടിയർമാരായാണ് നവോത്ഥാന സമരങ്ങളിൽ പങ്കെടുത്തത്. കേരള നവോത്ഥാനത്തിൽ ഒരു പങ്കുമില്ലാത്ത പ്രസ്ഥാനമാണ് സിപിഎം എന്നും ചെന്നിത്തല ആരോപിച്ചു.

കേരളത്തിൽ അടിമത്തം അവസാനിപ്പിച്ചതും പൊതുവിദ്യാഭ്യാസം ജനകീയമാക്കിയതും ചാവറ അച്ചന്‍റെ പ്രവർത്തന ഫലമായിരുന്നു. എഴുത്തുകാരനും മുസ്ലീം പണ്ഡിതനുമായിരുന്ന വക്കം അബ്ദുൾ ഖാദർ മൗലവിയുടെ സ്വദേശാഭിമാനി പത്രം കേരള നവോത്ഥാനത്തിന് വലിയ സംഭാവന നൽകിയിട്ടുണ്ട്. മുസ്ലീം നവോത്ഥാനത്തിന്‍റേയും പാശ്ചാത്യ വിദ്യാഭ്യാസത്തിന്‍റേയും പ്രചാരകനായിരുന്നു സനാഹുള്ള മക്തി തങ്ങൾ. ഇവരുടെയൊക്കെ പാരമ്പര്യമുള്ള കേരള നവോത്ഥാനം സംരക്ഷിക്കാൻ എന്ന പേരിൽ നടത്തുന്ന വനിതാ മതിലിൽ ന്യൂനപക്ഷ മതസംഘടനകളെ ക്ഷണിക്കാത്തത് ചരിത്രത്തോടുള്ള അനീതിയാണെന്ന് പ്രതിപക്ഷനേതാവ് ആവർത്തിച്ചു.

Follow Us:
Download App:
  • android
  • ios