മുൻ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ആത്മഹത്യ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
കൊച്ചി: എളങ്കുന്നപ്പുഴ മുന് പഞ്ചായത്ത് പ്രസിഡന്റ് വികെ. കൃഷ്ണന്റെ മരണത്തില് പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില് ഉത്തരവാദികളെ കണ്ടെത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആത്മഹത്യ ചെയ്ത വി.കെ. കൃഷ്ണന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കാന് രാത്രിയോടെയാണ് രമേശ് ചെന്നിത്തല എളങ്കുന്നപ്പുഴയിലെ വീട്ടിലെത്തിയത്. ബന്ധുക്കള് കൃഷ്ണന്റെ ആത്മഹത്യ കുറിപ്പും പ്രതിപക്ഷ നേതാവിനെ വായിച്ചു കേള്പ്പിച്ചു. അന്വേഷണം വേണ്ടെന്നത് കുടുംബത്തിന്റെ വൈകാരിക തീരുമാനമാണ്. എന്നാല്, നിയമപരമായി അന്വേഷണം നടത്താന് പൊലീസിന് ബാധ്യതയുണ്ടെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കുടുംബപരമായ പ്രശ്നങ്ങള് ഉണ്ടായിരുന്നില്ലെന്നും പാര്ട്ടിയിലുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വികെ. കൃഷ്ണന്റെ സഹോദരി പുത്രന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്നെ പുകച്ചു പുറത്തുചാടിയ്ക്കാന് പാര്ട്ടി പ്രാദേശിക നേതൃത്വം ശ്രമിക്കുകയാണെന്നായിരുന്നു കൃഷ്ണന്റെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്. ആത്മഹത്യാ കുറിപ്പിലെ പരാമമര്ശങ്ങളെക്കുറിച്ച് പാര്ട്ടി തലത്തില് അന്വേഷണം നടത്തുമെന്ന് എസ്. ശര്മ്മ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പൊലീസ് അന്വേഷണം എന്ന ആവശ്യം ശക്തമാകുന്നത്.
