ജസ്നയെ കാണാതായിട്ട് 60 ദിവസം ഇരുട്ടിൽത്തപ്പി പൊലീസ് ജസ്നയെ കുറിച്ച് ഒരു വിവരവുമില്ല പ്രതിഷേധവുമായി കോൺഗ്രസ് എസ്പി ഓഫീസിലേക്ക് പ്രതിഷേധമാർച്ച്

പത്തനംതിട്ട: ഏരുമേലിയിൽ നിന്ന് കാണാതായ ജസ്ന മേരി ജയിംസിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണത്തിൽ പൊലീസിന് വീഴ്ചപറ്റിയെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട എസ്പി ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി.

മാർച്ച് 22ന് കാണാതായ ജസ്നയെക്കുറിച്ച്, 60 ദിവസം കഴിഞ്ഞിട്ടും പൊലീസിന് ഒരു വിവരവും കിട്ടിയിട്ടില്ല. കേരളത്തിനകത്തും പുറത്തും മൂന്ന് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണവും എങ്ങുമെത്തിയില്ല. തുടർന്നാണ് പ്രതിഷേധം. ജസ്നയുടെ കുടുംബവും മാർച്ചിൽ പങ്കെടുത്തു.

പുതിയ അന്വേഷണ സംഘം രൂപീകരിച്ചില്ലങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യാനാണ് കോൺഗ്രസ് പ്രവർത്തകരുടെ തീരുമാനം. അതിനിടെ, സംസ്ഥാനത്തിന് പുറത്തുള്ള അന്വേഷണം പൊലീസ് നിർത്തി. ജസ്നയെ അവസാനം കണ്ടവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. വനമേഖലയിലും പരിശോധന നടത്തി. ഫോൺ കാളുകളുടെ പരിശോധനയും തുടരുന്നുണ്ട്.