സ്പീക്കറുടെ കസേര പണ്ട് തള്ളിയിട്ടതും മുണ്ട് മടക്കി കുത്തി ഡാന്‍സ് കളിച്ചതും ഞങ്ങളല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം; അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്. മുഖ്യമന്ത്രി പറയുന്നതിനപ്പുറം സ്പീക്കര്‍ പോകില്ലെന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒരേ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എത്ര തവണ അന്നത്തെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയിട്ടുണ്ടെന്ന് ഓര്‍മ്മയുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

സഭാ നടപടികള്‍ നല്ല നിലയില്‍ മുന്നോട്ട് കൊണ്ട് പോകണമെന്ന് ഇന്ന് രാവിലെ സ്പീക്കറോട് അഭ്യര്‍ത്ഥിച്ചിരുന്നു. ചോദ്യോത്തര വേളയില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതാണ്. ശബരിമലയിലെത്തുന്ന ഭക്തരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ണാര്‍കാട് എംഎല്‍എ ഷംസുദ്ദീനാണ് ഇന്ന് നോട്ടീസ് കൊടുത്തത്. ഇന്നലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതേ വിഷയത്തില്‍ നോട്ടീസ് നല്‍കിയിരുന്നു. ഇന്നത്തെ നോട്ടീസിലെ വിഷയം ഇന്നലെ ചര്‍ച്ച ചെയ്തതുകൊണ്ട് ഇന്ന് അവതരണാനുമതി നല്‍കരുതെന്ന് മുഖ്യമന്ത്രിയാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പറയുന്നത് അതുപോലെ കേട്ട സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നുവെന്നും ചെന്നിത്തല ചൂണ്ടികാട്ടി.

സ്പീക്കര്‍ ഏകാധിപത്യപരമായാണ് പെരുമാറുന്നത്. സ്പീക്കറില്‍ നിന്ന് നീതിയുണ്ടാകണം. പ്രതിപക്ഷത്തെ കൂടി അംഗീകരിക്കാന്‍ തയ്യാറാകണം. പ്രതിപക്ഷം മാന്യതയുടെ പരിധി ലംഘിക്കുകയാണെന്ന് സ്പീക്കര്‍ പറയുന്നത് എന്ത് അര്‍ത്ഥത്തിലാണ്. ആത്മപരിശോധന നടത്തിയാല്‍ അദ്ദേഹത്തിന് ഇങ്ങനെ പറയാന്‍ സാധിക്കുമോ. സ്പീക്കറുടെ കസേര പണ്ട് തള്ളിയിട്ടതും മുണ്ട് മടക്കി കുത്തി ഡാന്‍സ് കളിച്ചതും ഞങ്ങളല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തെ സംരക്ഷിക്കേണ്ടത് സ്പീക്കറാണെന്നത് മറക്കരുത്. റൂള്‍ 50 അനുസരിച്ച് പ്രതിപക്ഷത്തിന് അവസരം നല്‍കാന്‍ സ്പീക്കര്‍ തയ്യാറാകണം. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങള്‍ സ്പീക്കര്‍ സംരക്ഷിക്കുന്നില്ലെന്ന പരാതിയുണ്ട്. ശബരിമലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഭയമാണ്. അതുകൊണ്ടാണ് പ്രതിപക്ഷത്തിന് അവസരങ്ങള്‍ നിഷേധിക്കുന്നത്. ഭയമില്ലാത്ത സര്‍ക്കാരാണെങ്കില്‍ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയാണ് വേണ്ടതെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തോടുള്ള നിലപാട് സ്പീക്കര്‍ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.