സിബിഐ അന്വേഷണം ഉണ്ടായില്ലെങ്കില്‍ വരാപ്പുഴയിലെ ശ്രീജിത്ത് കൊലക്കേസിന്‍റെ സ്ഥിതിയാകും സനല്‍ വധക്കേസിന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സനലിന്‍റെ കൊലപാതക കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഴ് ദിവസമായിട്ടും പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാറിനെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

പൊലീസ് നടത്തിയ അതിക്രമം പൊലീസ് തന്നെ അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടും. സിബിഐ കേസ് അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നതെന്നും സിബിഐ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

സിബിഐ അന്വേഷണം ഉണ്ടായില്ലെങ്കില്‍ വരാപ്പുഴയിലെ ശ്രീജിത്ത് കൊലക്കേസിന്‍റെ സ്ഥിതിയാകും സനല്‍ വധക്കേസിനുമെന്ന് ചെന്നിത്തല പറഞ്ഞു. ശ്രീജിത്ത് വധക്കേസിലെ പ്രധാന ആരോപണ വിധേയനായ ആലുവ റൂറല്‍ എസ്.പിക്കെതിരെ കേസുപോലുമുണ്ടായില്ല. ശ്രീജിത്ത് വധക്കേസില്‍ സിബിഐ അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെന്നും ചെന്നിത്തല പറഞ്ഞു. 

ഹരികുമാറിനെ രക്ഷപ്പെടുത്തിയത് പൊലീസാണ്. സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് ഹരികുമാറിനെ ഒളിപ്പിച്ചിരിക്കുന്നത്. സനല്‍ കുമാറിന്‍റെ ഭാര്യയെയും രണ്ടും പിഞ്ചു കുട്ടികളെയും സമര രംഗത്തേക്ക് ഇറക്കുന്ന നടപടി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.