ദില്ലി: എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പിച്ചു. രാഷ്‌ട്രപതി കക്ഷി രാഷ്‌ട്രീയത്തിന് അതീതനാണെന്നും എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുമെന്നും രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ച ശേഷം പറഞ്ഞു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാര്‍ ചൊവ്വാഴ്ച പത്രിക നല്‍കും.

രാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള പത്രികാ സമര്‍പ്പണം ബിജെപി ശക്തിപ്രകടനമാക്കി മാറ്റി. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും ബിജെപി മുഖ്യമന്ത്രിമാര്‍ക്കും പുറമെ തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് മുഖ്യമന്ത്രിമാരും പത്രികാ സമര്‍പ്പിക്കാനെത്തി. തമിഴ്നാട്ടില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും ഉണ്ടായിരുന്നു. കോവിന്ദിന് പിന്തുണ അറിയിച്ച ജെഡിയു, ബിജു ജനതാദള്‍ നേതാക്കള്‍ പത്രിക നല്‍കാനെത്തിയില്ല. മുതിര്‍ന്ന നേതാക്കളായി എല്‍കെ അദ്വാനിയുടെയും മുരളി മനോഹര്‍ ജോഷിയുടെയും സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്തിലെ എംഎല്‍എ ആയ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ ആദ്യം ഒപ്പുവച്ച നാല് സെറ്റ് പത്രികകളാണ് രാംനാഥ് കോവിന്ദിനായി വരണാധികാരി ലോക്‌സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയ്‌ക്ക് സമര്‍പ്പിച്ചത്.

രാജ്യനന്മയ്‌ക്കായി പ്രവര്‍ത്തിക്കുമെന്നും ഗവര്‍ണ്ണര്‍ ആയതു മുതല്‍ തനിക്ക് രാഷ്‌ട്രീയമില്ലെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.കോവിന്ദിനെ പിന്തുണയ്‌ക്കാതെ ദളിത് വിരുദ്ധ നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാര്‍ ചൊവ്വാഴ്ച പത്രിക നല്‍കും. മുന്‍തീരുമാനം തിരുത്തി നിതീഷ്കുമാര്‍ മീരാകുമാറിനെ പിന്തുണയ്‌ക്കണമെന്ന് കോണ്‍ഗ്രസും ലാലുപ്രസാദ് യാദവും വീണ്ടും ആവശ്യപ്പെട്ടു.