ദില്ലി: സാധാരണ കുടുംബത്തിൽ നിന്നും കഠിനാധ്വാനം കൊണ്ട് രാജ്യത്തെ പരമോന്നത പദവിയിലേക്ക് എത്തിയ വ്യക്തിയാണ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദ്. കെ.ആര്‍.നാരായണന് ശേഷം പിന്നോക്ക സമുദായത്തിൽ നിന്നെത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി കൂടിയാണ് രാംനാഥ് കോവിന്ദ്. 1945 ഒക്ടോബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ കാൻപൂരിൽ പരോഖ് എന്ന ഗ്രാമത്തിൽ ഒരു ദളിത് കുടുംബത്തിലായിരുന്നു കോവിന്ദിന്‍റെ ജനനം. ഗ്രാമത്തിലെ തുണി കച്ചവടക്കാരനായിരുന്ന മൈക്കുലാലിന്‍റെയും കലാവതിയുടെയും എട്ടുമക്കളിൽ കഠിനാധ്വാനി കോവിന്ദ് തന്നെയായിരുന്നു. ആ കഠിനാധ്വാവാനം തന്നെയാണ് രാംനാഥ് കോവിന്ദിന് ഓരോ വിജയവും സമ്മാനിച്ചത്.

ഗ്രാമത്തിൽ പല പ്രശ്നങ്ങളിലും മധ്യസ്ഥനമായിരുന്ന പിതാവ്  മൈക്കുലാലിന്‍റെ പൊതുപ്രവര്‍ത്തന പാടവം കിട്ടിയത് കോവിന്ദിനാണ്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കാണ്‍പ്പൂരിൽ നിന്ന് ബിരുദവും നിയമബിരുദവും നേടിയ അദ്ദേഹം ഏറെക്കാലം ദില്ലി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. ഇതിനിടയിൽ സിവിൽ സര്‍വ്വീസ് പരീക്ഷ പസായെങ്കിലും ഇഷ്ടപ്പെട്ട സര്‍വ്വീസ് ലഭിക്കാത്തതുകൊണ്ട് നിയമരംഗത്തുതന്നെ തുടര്‍ന്നു. 1991ലാണ് ബി.ജെ.പിയിൽ അംഗമാകുന്നത്.

ഉത്തര്‍പ്രദേശിൽ നിന്ന് ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും 1994ൽ ഉത്തര്‍പ്രദേശിൽ നിന്ന് രാജ്യസഭയിലെത്തി. 2006വരെ രണ്ടുതവണ രാജ്യസഭാംഗമായി തുടര്‍ന്ന കോവിന്ദ് പല പാര്‍ലമെന്‍ററി സമിതികളുടെയും അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002ൽ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2015 ഓഗസ്റ്റ് 8ന് ബീഹാര്‍ ഗവര്‍ണറായി. ഇപ്പോൾ രാഷ്ട്രപതി പദത്തിലക്കും. ജാതി വിവേചനങ്ങളെ അതിജീവിച്ചാണ് നിയമരംഗത്തും രാഷ്ട്രീയ രംഗത്തും ഇപ്പോൾ രാജ്യത്തെ പ്രഥമ പൗരനായും രാംനാഥ് കോവിന്ദ് ഉയര്‍ന്നത്.

ബിജെപിയുടെ ദളിത് മുഖം കൂടിയാണ് രാംനാഥ് കോവിന്ദ്. മലയാളിയായ കെ.ആർ.നാരായണന് ശേഷം രാഷ്ട്രപതി പദത്തിലെത്തുന്ന ആദ്യ ദളിത് വിഭാഗക്കാരനുമാണ് കോവിന്ദ്. ബിഹാർ ഗവർണർ സ്ഥാനം വഹിക്കുമ്പോഴാണ് രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം അപ്രതീക്ഷിതമായി കോവിന്ദിനെ തെരഞ്ഞെടുക്കുന്നനത്. 75 വയസുകാരനായ കോവിന്ദ് ബിജെപി ദളിത് മോർച്ച മുൻ അധ്യക്ഷ പദവിയും ഓൾ ഇന്ത്യ കോലി സമാജിന്‍റെ പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

1974 മെയ് 30നായിരുന്നു രാംനാഥ് കോവിന്ദിൻ്റെ വിവാഹം. സവിത കോവിന്ദാണ്  രാംനാഥ് കോവിന്ദിൻ്റെ  ഭാര്യ. പ്രശാന്ത് കുമാർ, സ്വാതി എന്നിവരാണ് മക്കൾ.പ്രൈവറ്റ് എയർലൈൻ ജീവനക്കാരനാണ് മകൻ പ്രശാന്ത് കുമാർ.