കൊച്ചി: 'മുകളില്‍ ഓണ്‍ ടൈം താഴെ നോ ടൈം' കൊച്ചി മെട്രോയുടെ പരസ്യവാചകങ്ങളില്‍ ഒന്നാണിത്. വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നതുപോലെ കല്ല്യാണ മണ്ഡപത്തില്‍ കൃത്യ സമയത്ത് എത്തിയ സ്വന്തം ജീവിത കഥയാണ് പാലക്കാട് സ്വദേശി രഞ്ജിത് കുമാറിന് പറയാനുള്ളത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു രഞ്ജിത് കുമാറും കൊച്ചി സ്വദേശിയായ ധന്യയും തമ്മിലുളള വിവാഹം. കൊച്ചിയിലേക്കെത്താനായി റോഡ് മാര്‍ഗ്ഗമാണ് വരനും കൂട്ടരും തിരഞ്ഞെടുത്തത്. രാവിലെ 6 മണിക്കാണ് വിവാഹ സംഘം പാലക്കാടുനിന്നും യാത്ര തിരിച്ചത്. 11 മണിയോടെ കൊച്ചിയില്‍ എത്താനാവുമെന്ന് കരുതി. എന്നാല്‍ ട്രാഫിക് ബ്ലോക്ക് എല്ലാ കാര്യങ്ങളും തകിടം മറിച്ചു. ഒരു വിധത്തില്‍ ആലുവയില്‍ എത്തി. സമയം വൈകുംതോറും മണ്ഡപത്തില്‍ നിന്ന് വധുവിന്റെ ബന്ധുക്കള്‍ ഫോണ്‍ വിളികള്‍ എത്തി. റോഡ് മാര്‍ഗം പോകുകയാണെങ്കില്‍ കൃതയസമയത്തിന് എത്താന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് കൊച്ചി മെട്രോയെ കുറിച്ച് ചിന്തിച്ചത്. ഉടന്‍ തന്നെ എല്ലാവരും ആലുവ മെട്രോ സ്‌റ്റേഷനിലെത്തി.
'ആലുവ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു മുന്‍പില്‍ വലിയൊരു ക്യൂ തന്നെ ഉണ്ടായിരുന്നു. ഇന്നെന്റെ വിവാഹം ആണെന്ന് അവിടെ നിന്നവരോട് പറഞ്ഞു. ഉടന്‍ തന്നെ അടുത്ത ട്രെയിനുളള ടിക്കറ്റ് ഞങ്ങള്‍ക്ക് ശരിയാക്കി തന്നു' കൊച്ചി മെട്രോ പുറത്തുവിട്ട വിഡിയോയില്‍ രഞ്ജിത് പറയുന്നു. മെട്രോ ട്രെയിനില്‍ സഞ്ചരിച്ചതുകൊണ്ടാണ് മുഹൂര്‍ത്ത സമയത്ത് രഞ്ജിത്തിനും ബന്ധുക്കള്‍ക്കും എത്താന്‍ സാധിച്ചത്. '5 മിനിറ്റ് കൊണ്ട് എല്ലാ ചടങ്ങുകളും കഴിഞ്ഞു' രഞ്ജിത് കൂട്ടിച്ചേര്‍ക്കുന്നു. കൊച്ചി മെട്രോയിലൂടെ വിവാഹ ജീവിതം ലഭിച്ച നദമ്പതികള്‍ക്ക് മെട്രോ വക സമ്മാനവും ലഭിച്ചു. കൊച്ചി 1 സ്മാര്‍ട് കാര്‍ഡ് നല്‍കിയാണ് കെഎംആര്‍എല്‍ ദമ്പതികള്‍ക്ക് വിവാഹ ആശംസകള്‍ നല്‍കിയത്.
ഇവരുടെ അനുഭവം പറയുന്ന വിഡിയോ കെഎംആര്‍എല്‍ അധികൃതര്‍ കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'We weren't exaggerating when we said Kochi Metro touches lives' എന്നായിരുന്നു കൊച്ചി മെട്രോ അധികൃതര്‍ വിഡിയോയില്‍ കുറിച്ചത്.
