വാളയാറിൽ ആദ്യ പെണ്‍കുട്ടിയും ബലാൽസംഗത്തിനിരയായെന്ന് സൂചന. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ആദ്യം ചുമത്തിയത് അസ്വാഭാവിക മരണത്തിനുള്ള കേസ് മാത്രം. വാളയാറിലെ പെൺകുട്ടിയുടെ മരണം അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും ആരോപണം. ആത്മഹത്യയെന്ന പൊലീസ് നിലപാട് അംഗീകരിക്കാനാകില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

വാളയാറിലെ പെണ്‍കുട്ടിയുടേത് ആത്മഹത്യയെന്ന പൊലീസ് നിലപാട് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുമ്പോഴും ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയില്ലെന്നാണ് പരാതി. കേസന്വേഷണത്തില്‍ പോലീസിനു ഗുരുതര വീഴ്ചയുണ്ടായെന്ന് വ്യക്തമാകുന്നതാണ് പുറത്തു വരുന്ന തെളിവുകള്‍.

ഹൃത്തികയെ മരിച്ച നിലയില്‍ കാണപ്പെട്ട സമയം മുതല്‍ പ്രദേശവാസികളും കുട്ടിയുടെ ബന്ധുക്കളും പല തരത്തിലുള്ള ആശങ്കകള്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ അവഗണിച്ച പൊലീസ് ആത്മഹത്യയെന്ന് ഉറച്ച നിലപാടുമായാണ് ആദ്യം മുതലേ കേസുമായി മുന്നോട്ടുപോയത്. കുട്ടിയെ ബന്ധുവായ ഒരാള്‍ പല തവണ ഉപദ്രവിച്ചെന്ന അമ്മയുടെ മൊഴി പോലും പോലീസ് അവഗണിച്ചു. ഹൃത്തികയും ശരണ്യയും ഒരേ രീതിയില്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച നിലയില്‍ കണ്ടെത്തിയതും സമാന രീതിയില്‍. ഈ സാഹചര്യത്തിലാണ് ആദ്യത്തെ മരണം വേണ്ട രീതിയില്‍ അന്വേഷിച്ചിരുന്നെങ്കില്‍ രണ്ടാമതൊരു മരണം സംഭവിക്കില്ലായിരുന്നെന്ന് പ്രദേശവാസികള്‍ കരുതുന്നത്.

ഹൃത്തിക ഏതോ മനോവിഷമത്താല്‍ വീടിനകത്ത് കെട്ടിത്തൂങ്ങിയെന്ന ഒറ്റവരിയാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ വാളയാര്‍ പൊലീസ് പറയുന്നത്. ശിശുക്ഷേമ സമിതിയെപ്പോലുമറിയിക്കാതെ വിവരം മൂടിവച്ചെന്ന ഗുരുതര ആരോപണവുമുണ്ട്. ശരണ്യയുടെ മരണത്തോടെയാണ് ഹൃത്തികയുടെ മരണം വീണ്ടുമന്വേഷിച്ചതും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയതും. പട്ടികജാതിക്കാര്‍ക്കെതിരായ ആതിക്രമം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ പോലും ചേര്‍ക്കാന്‍ പൊലീസിന് ഒന്നര മാസത്തോളം വേണ്ടി വന്നു. ഹൃത്തികയുടെ അനിയത്തി ശരണ്യ നിരന്തരമായി പീഡിപ്പിക്കപ്പെട്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ സാഹചര്യത്തിലാണ് പൊലീസിന്‍റെ ഗുരുതര വീഴ്ചകള്‍ കൂട്ടിവായിക്കേണ്ടത്. രണ്ട് കേസുകളിലുമായി കുട്ടികളുടെ ബന്ധു അടക്കം അഞ്ചു പേരാണ് കസ്റ്റഡിയിലുള്ളത്. ചിലരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.