5 ലക്ഷം രൂപ തന്നാല്‍ ബലാത്സംഗം ചെയ്ത യുവതിയെ വിവാഹം കഴിക്കാമെന്ന് പീഡന കേസിലെ പ്രതി. കാണ്‍പൂരിലെ ബാന്ധ ജില്ലയിലാണ് സംഭവം. താജ് എന്ന യുവാവാണ് താന്‍ ബലാത്സംഗം ചെയ്ത യുവതിയെ വിവാഹം കഴിക്കുന്നതിന് അഞ്ച് ലക്ഷം രൂപ സ്‍ത്രീധനം ആവശ്യപ്പെട്ടത്. മാര്‍ച്ച് 22നാണ് താജ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.

ഭര്‍തൃസഹോദരിയെ കാണാന്‍ താജിന്റെ വീട്ടിലെത്തിയ യുവതിയെ റൂമിനകത്ത് പൂട്ടിയിട്ട ശേഷം താജ് പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ പൊലീസില്‍ പരാതി നല്‍കാതെ ഗ്രാമ കൗണ്‍സില്‍ ആയ പഞ്ചായത്തില്‍ അറിയിച്ചു. പെണ്‍കുട്ടിയെ താജ് വിവാഹം കഴിക്കണമെന്ന് പഞ്ചായത്ത് നിര്‍ദ്ദേശിച്ചു.

തുടര്‍ന്ന് മെയ് 20ന് കല്യാണം നടത്താന്‍ തീരുമാനിച്ചെങ്കിലും വിവാഹത്തീയതി അടുത്തപ്പോള്‍ ഇയാള്‍ അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടു. ഇത് പെണ്‍വീട്ടുകാര്‍ വിസമ്മതിച്ചതോടെ ഇയാള്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതോടെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.