തിരുവനന്തപുരം: കുടകില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തില്‍ പീഡനക്കേസിലെ പ്രതിയെ കൊലപ്പെടുത്തിയ നാലംഗ സംഘം പിടിയില്‍. പീഡനക്കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി രഞ്ജു കൃഷ്ണനെ കൊക്കയില്‍ കൊന്നു തള്ളിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവടക്കം നാലു പേരാണ് അറസ്റ്റിലായിരിക്കുന്നത്.

ഇവര്‍ക്ക് തിരുവനന്തപുരത്തെ ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധമുണ്ട്. ഈ വര്‍ഷം ഏപ്രില്‍ ആദ്യമാണ് കുടകില്‍ നിന്നും രഞ്ജു കൃഷ്ണയുടെ മൃതദേഹം കിട്ടിയത്. മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു കണ്ടെത്തിയത്. പിന്നീട് കൊലപാതകക്കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. 

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലു പേര്‍ക്കും ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന സംഘത്തില്‍ അംഗമായിരുന്ന രഞ്ജു കൃഷ്ണ ഇവരില്‍ ഒരാളുടെ മകളെ പീഡിപ്പിച്ചിരുന്നു. 

ഇതിന്‍റെ വൈരാഗ്യത്തിന് പെണ്‍കുട്ടിയുടെ പിതാവും കൂട്ടുകാരും ചേര്‍ന്ന രഞ്ജുവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കാറിന്‍റെ ഡിക്കിയില്‍ കൊണ്ടുപോകുകയായിരുന്നു.