രഹസ്യമൊഴിക്കായി പൊലീസ് കോടതിയിൽ അപേക്ഷ നൽകി. 

തിരുവല്ല:കന്യാസ്ത്രീയുടെ മൊഴിയിൽ പ്രാഥമികതെളിവെടുപ്പ് പൂർത്തിയായെങ്കിലും ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് വൈകും. ദേശീയവനിതാകമ്മീഷൻ വൈകിട്ട് കന്യാസ്ത്രീയെ സന്ദർശിക്കും. ക്യാസ്ത്രീയുടെ പരാതിയിൽ കുറവലങ്ങാട് മഠത്തിലെ മറ്റ് കന്യാസ്ത്രീകളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും വൈക്കം ഡിവൈഎസ്പി മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. രഹസ്യമൊഴിക്കായി പൊലീസ് കോടതിയിൽ അപേക്ഷ നൽകി. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ബലാത്സംഗം ചെയ്തുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ജലന്ധർ രൂപതയ്ക്ക് കേരളത്തിൽ കോട്ടയത്തും കണ്ണൂരിലുമാണ് മഠങ്ങളുള്ളത്. 2014 മെയ് നാല് മുതൽ രണ്ട് വർഷം ബിഷപ്പിന്‍റെ മുഴുവൻ ടൂർ രേഖകളും പൊലീസ് ശേഖരിച്ചു. കേരളത്തിൽ എവിടെയൊക്കെ തങ്ങിയെന്നതുൾപ്പടെയുള്ള വിവരങ്ങളും പൊലീസിന് കിട്ടി. കന്യാസ്ത്രിയുടെ രഹസ്യമൊഴി കിട്ടിയ ശേഷം എഫ്ഐആറുമായി പരിശോധിക്കണം. എല്ലാ മൊഴികളും പരിശോധിച്ച ശേഷമേ ബിഷപ്പിനെ ചോദ്യംചെയ്യുവെന്ന് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് പറഞ്ഞു. ബിഷപ്പിനെ ചോദ്യം ചെയ്യാൻ ജലന്ധറിലേക്ക് പോകാനാണ് സാധ്യതയെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.