വൈദികര്‍ക്കെതിരായ പരാതി ക്രൈംബ്രാഞ്ച് ഇന്ന് കേസെടുക്കും ലൈംഗിക പീഡനക്കുറ്റം ചുമത്തും

കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തിൽ ക്രൈംബ്രാഞ്ച് ഇന്ന് കേസെടുക്കും. ലൈംഗിക പീഡനം അടക്കമുള്ള കുറ്റങ്ങൾ വൈദികര്‍ക്കെതിരെ ചുമത്തിയാകും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. കുംബസാര രഹസ്യം ഉപയോഗിച്ച് അഞ്ച് വൈദികര്‍ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നൽകിയ പാരാതിയിൽ ഭാര്യയുടെ മൊഴിയാണ് നിര്‍ണായകമായത്. 

വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ഭാര്യ മൊഴി നൽകിയതോടെയാണ് കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. യുവതിയുള്ള രഹസ്യ കേന്ദ്രത്തിൽ വച്ചായിരുന്നു മൊഴിയെടുപ്പ്. യുവതിക്ക് വൈദികരുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖകളും വാട്സ്-ആപ്പ്-ഫേസ്ബുക്ക് സന്ദേശങ്ങളും ഭര്‍ത്താവ് ക്രൈംബ്രാഞ്ചിന് നൽകിയിരുന്നു.

അഞ്ച് വൈദികര്‍ക്കെതിരെ ലൈംഗിക പീഡനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയേക്കുമെന്നാണ് വിവരം. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന എഫ്ഐആര്‍ കോടതിയിൽ സമര്‍പ്പിക്കും. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷയും ക്രൈംബ്രാഞ്ച് നൽകും.