കോട്ടയം: പാമ്പാടിയിലെ ആശ്വാസ ഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു ബലാത്സംഗക്കേസില്‍ വീണ്ടും അറസ്റ്റില്‍. അന്തേവാസികളായിരുന്ന നാല് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇന്ന് ഉച്ചയോടെയാണ് ജോസഫ് മാത്യുവിന്‍റെ അറസ്റ്റ് പാന്പാടി പൊലീസ് രേഖപ്പെടുത്തിയത്. ബലാത്സംഗത്തിന് ഇരയായെന്ന കാര്യം ചെല്‍ഡ് ലൈന്‍ അധികൃതരോടായിരുന്നു പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളും വെളിപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ആദ്യം ആശ്വാസ ഭവനില്‍വെച്ചായിരുന്നു സംഭവമെന്നും പറഞ്ഞു. ചൈല്‍ഡ് ലൈന്‍ ഇക്കാര്യം പാന്പാടി പൊലീസിനെ അറിയിച്ചു. പോക്സോ നിയമപ്രകാരം പാന്പാടി പൊലീസ് കേസെടുത്തു. തനിക്കെതിരെ വീണ്ടും പരാതി വന്നതറിഞ്ഞ ജോസഫ് മാത്യു ഒളിവില്‍ പോയി. പൊലീസ് അന്വേഷണം സജീവമായതോടെ ഇന്ന് രാവിലെ പാന്പാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യു. ശ്രീജിത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ജൂലൈയിലും സമാന കേസില്‍ ജോസഫ് മാത്യുവിനെ പാന്പാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയാണ് അന്ന് ബലാത്സംഗത്തിനിരയായെന്ന പരാതി നല്‍കിയത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയായിരുന്നു ജോസഫ് മാത്യു. ജയിലില്‍ കഴിയുന്ന മാതാപിതാക്കളുടെ മക്കളായിരുന്നു ആശ്വാസ ഭവനിലെ അന്തേവാസികള്‍.
