കോതമംഗലത്ത് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി ബലാത്സംഗത്തിനിരയായ കേസിൽ യുവാവ് അറസ്റ്റിൽ. പീഡനത്തിന് കൂട്ടുനിന്ന പെൺകുട്ടിയുടെ അമ്മയും രണ്ടാനച്ഛനും പൊലീസിന്‍റെ പിടിയിലായി. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആദിവാസി പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത കോതമംഗലം സ്വദേശി വെള്ളാപ്പള്ളിൽ എല്‍ദോസ് ആണ് പിടിയിലായത്. പെൺകുട്ടി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബലാത്സംഗത്തിന് കൂട്ടുനിന്ന അമ്മയെയും രണ്ടാനച്ഛനെയും അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരിയായ പെൺകുട്ടി അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പം വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു.
പ്രദേശത്ത് താമസിച്ചിരുന്ന എല്‍ദോസ് വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ ഒരു വർഷക്കാലം പലപ്പോഴായി പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന് പൊലീസ് പറഞ്ഞു. ഗർഭിണിയായ പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ആശുപത്രി അധികൃതർ ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു. തുടർന്ന് ഊന്നുകല്‍ പോലീസ് കേസെടുത്തു
