ഒരു കണ്ണിന് കാഴ്ചയില്ലാത്ത ആദിവാസി പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്കി പലതവണ ലൈംഗീകമായി പീഡിപ്പിച്ച യുവാവിനെ ഇടുക്കിയിലെ കുമളി പൊലീസ് അറസ്റ്റ്ചെയ്തു. കുമളിക്കടുത്ത വലിയകണ്ടം സ്വദേശി ഷിജോ ഷാജഹാനാണ് പിടിയിലായത്. ഇയാളുടെ ദൃശ്യങ്ങൾ പകർത്താൻ എത്തിയ മാധ്യമ പ്രവർത്തകർക്കെതിരെ പൊലീസ് സ്റ്റേഷനകത്ത് വച്ച് വധഭീഷണിയും മുഴക്കി.

കുമളിക്കടുത്തുള്ള ആദിവാസിക്കോളനിയായ മന്നാക്കുടിയിലെ താമസക്കാരിയായ യുവതിയെയാണ് ഷിജോ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചത്. കഴിഞ്ഞ ഡിസംബർ മുതല് ഫെബ്രുവരി വരെ നിരവധി പീഡിപ്പിച്ചെന്നാണ് യുവതി കുമളി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഒരു കണ്ണിനു കാഴ്ചയില്ലാത്ത പെൺകുട്ടി കോഴിക്കോട്ടുള്ള അന്ധ വിദ്യാലയത്തിലായിരുന്നു. ആറുമാസം മുമ്പാണ് വീട്ടിലെത്തിയത്.

മാതാവിൻറെ പരിചയക്കാരനായ ഷിജോ കുറച്ചു നാളായി ഇവരുടെ വീട്ടിൽ സ്ഥിരമായി എത്താറുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പെൺകുട്ടിയെ നിരന്തരമായി ലൈംഗീകമായി ഉപയോഗിച്ചിരുന്നത്. എന്നാല് അടുത്തയിടെ ഷിജോയും മാതാവും തമ്മിലുള്ള അരുതാത്ത ബന്ധം പെൺകുട്ടി കാണാനിടയായി. ഇതോടെയാണ് യുവതി പരാതിയുമായി കുമളി സ്റ്റേഷനിലെത്തിയത്.

വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് എത്തിയാണ് പീഡിപ്പിച്ചിരുന്നത്. യുവതിയുടെ മൊഴി എടുത്ത് കേസ്സ് രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഷിജോ മുന്പും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ വാർത്ത ചിത്രീകരിക്കാൻ എത്തിയ മാധ്യമ പ്രവരത്തകർക്കു നേരെ ഷിജോ സ്റ്റേഷനിൽ വച്ച് വധഭീഷണിയും മുഴക്കി. പ്രതിയെ പീരുമേട് കോടതിയില് ഹാജരാക്കി റിമാൻഡു ചെയ്തു.