ബംഗലൂരുവില്‍ നടുറോഡില്‍ വച്ച് മണിപ്പൂരി സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമം. ഇരുപത്തി രണ്ട് വയസ്സുകാരിയായ പെണ്‍കുട്ടിക്കു നേരെയാണ് അ‍‍‍‍ഞ്ജാതന്‍റെ ആക്രമണം.

കഴിഞ്ഞ ഏപ്രില്‍ 23 ശനിയാഴ്ച രാത്രി 9.45നാണ് സംഭവം. സൗത്ത് ബെംഗളൂരു കത്രിഗുപ്പയിലെ താമസസ്ഥലത്ത് നിന്ന് ജോലി സ്ഥലത്തേയ്‌ക്ക് പോകാന്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ജനസഞ്ചാരമുള്ള സമയമായിട്ട് പോലും നടുറോഡില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ അഞ്ജാതന്‍ ബലം പ്രയോഗിച്ച് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിലേയ്‌ക്ക് കൊണ്ടുപോയി. ഉറക്കെ കരഞ്ഞ് അപേക്ഷിച്ചിട്ടും ചുറ്റുമുള്ളവരാരും സഹായിച്ചില്ലെന്ന് പെണ്‍കുട്ടി പറയുന്നു. കെട്ടിടത്തിനുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഇയാളെ പെണ്‍കുട്ടി ശക്തമായി പ്രതിരോധിച്ചു. കൂടുതല്‍ ഉച്ചത്തില്‍ ബഹളം വയ്‌ക്കുകയും ചെയ്തു. ആളുകളെത്തുമെന്നതായതോടെ അഞ്ജാതന്‍ ഓടി മറഞ്ഞു. തിരികെയെത്തി പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് യുവതി ആരോപിക്കുന്നു. താമസസ്ഥലത്തിന് ചീത്ത പേരുണ്ടാകുമെന്ന ന്യായം പറഞ്ഞ വീടുമസ്ഥന്‍ പൊലീസിനെ സ്വാധീനിച്ചതിനെ തുടര്‍ന്നാണിതെന്നും പെണ്‍കുട്ടി പറയുന്നു. പത്ത് ദിവസത്തിന് ശേഷം, പെണ്‍കുട്ടിയെ അഞ്ജാതന്‍ തട്ടിക്കൊണ്ടു പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്. തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പെണ്‍കുട്ടി തയ്യാറായി. പൊലീസില്‍ പരാതിയും നല്‍കി. സംഭവ ദിവസം പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ലെന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം തുടങ്ങിയെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍ എസ് മേഖരിക് പറഞ്ഞു.