താന്‍ നിരപരാധിയാണെന്നാണ് സഞ്ജിറാമിന്റെ വാദം. കേസ് സിബിഐക്ക് വിടണമെന്നും പ്രതികള്‍ ആവശ്യപ്പെടുന്നു.

ജമ്മുകാശ്മീര്‍: കത്വ കൂട്ട ബലാത്സംഗകേസിന്റെ വിചാരണ ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി സഞ്ജിറാം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ വിചാരണ സംസ്ഥാനത്തിന് പുറത്തേക്കു മാറ്റണം എന്ന് ആവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയെ ചോദ്യം ചെയ്താണ് സഞ്ജിറാം സുപ്രീംകോടതിയെ സമീപിച്ചത്.

താന്‍ നിരപരാധിയാണെന്നാണ് സഞ്ജിറാമിന്റെ വാദം. കേസ് സിബിഐക്ക് വിടണമെന്നും പ്രതികള്‍ ആവശ്യപ്പെടുന്നു. അതിനിടെ കുറ്റപത്രം നല്‍കാനെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ തടഞ്ഞിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷക ദീപിക സിംഗിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ജമ്മു കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.