തിരുവനന്തപുരം: കോവളം എംഎൽഎ വിൻസെൻ്റ് തന്നെ ശാരീരികമായി പീഡിപ്പിച്ചതായി വീട്ടമ്മയുടെ വെളിപ്പെടുത്തൽ. ബാലരാമപുരത്ത് ഇത്രയും ധൈര്യമുള്ള ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു കൊണ്ടാണ് എംഎൽഎ തന്നെ കയറി പിടിച്ചതെന്നും മൊഴികളിൽ താൻ ഉറച്ചുനില്‍ക്കുന്നെന്നും വീട്ടമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കടയിലേക്ക് കയറിവന്ന എംഎൽഎ തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.
വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് എംഎല്‍എക്കെതിരെ ആദ്യം കേസെടുത്തതെങ്കിലും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥയായ അജിത ബീഗത്തിനും നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റിനും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനത്തിന് കേസെടുക്കുകയായിരുന്നു.
മൊഴി ശാസ്ത്രീയമായി തെളിയിക്കുന്നതിന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനകളും പൊലീസ് നടത്തി. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് എംഎല്‍എക്കെതിരെ പീഡനത്തിന് പൊലീസ് കേസെടുത്തത്.
കേസുമായി ബന്ധപ്പെട്ട് എംഎൽഎ വീട്ടമ്മയുടെ ബന്ധുവിനെ സ്വാധീനിക്കാൻ നടത്തിയ ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു. എന്നാൽ കേസിന് പിറകിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഗൂഢാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിൻസെൻ്റ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഏതന്വേഷണത്തെയും നേരിടാൻ ഒരുക്കമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം വിൻസെൻ്റ് എംഎൽഎ സ്ഥാനം രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്.
