വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നഗ്ന ഫോട്ടോകളുണ്ടെന്നും പ്രചരിപ്പിക്കുമെന്നും ഒരാഴ്ചക്ക് ശേഷം അഷ്റഫ് പറഞ്ഞതോടെയാണ് വിദേശത്തുള്ള ഭര്‍ത്താവിനെയും ബന്ധുക്കളെയും വിവരം അറിയിക്കുന്നത്

എടവണ്ണ: മലപ്പുറം എടവണ്ണയില്‍ യുവതിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് എടവണ്ണ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. 

കഴിഞ്ഞ ജൂലൈ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ യുവതി വീട്ടില്‍ തനിച്ചായിരുന്നു. എടവണ്ണ സ്വദേശിയും നിര്‍മാണ തൊഴിലാളിയുമായ അഷ്റഫ് എന്നയാള്‍ ഈ സമയം വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് യുവതിയുടെ പരാതി.

വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നഗ്ന ഫോട്ടോകളുണ്ടെന്നും പ്രചരിപ്പിക്കുമെന്നും ഒരാഴ്ചക്ക് ശേഷം അഷ്റഫ് പറഞ്ഞതോടെയാണ് വിദേശത്തുള്ള ഭര്‍ത്താവിനെയും ബന്ധുക്കളെയും വിവരം അറിയിക്കുന്നത്.

പൊലീസില്‍ പരാതിപ്പെട്ട് ഒരുമാസം കഴിഞ്ഞിട്ടും നടപടികളുണ്ടാകുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് യുവതിയുടെ ബന്ധുക്കള്‍.